കണ്ണൂർ: സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിൽ കണ്ണൂരിൽ നിന്നുള്ള നേതാക്കളുടെ അപ്രമാദിത്വം ഉറപ്പിക്കുമ്പോഴും ജില്ലയിലെ മുതിർന്ന നേതാവായ പി.ജയരാജനെ ഇത്തവണയും സെക്രട്ടേറിയറ്റിലേക്ക് പരിഗണിച്ചില്ലെന്നത് ശ്രദ്ധേയമാണ്.
കണ്ണൂരിലെ പാർട്ടിയുടെ നിർണായക ചാലകശക്തികളായിരുന്നു ജയരാജന്മാർ എന്നറിയപ്പെട്ടിരുന്നു ഇ.പി.ജയരാജൻ, പി.ജയരാജൻ, എം.വി.ജയരാജൻ എന്നിവർ. ഇതിൽ പാർട്ടിയിലെ സീനിയോരിറ്റി പരിഗണിച്ചാൽ ഇ.പിക്ക് തൊട്ടുതാഴെ പി.ജയരാജനാണ്. അദ്ദേഹത്തിന് സെക്രട്ടേറിയറ്റ് പ്രതിനിധി എന്ന പദവി എന്നന്നേക്കുമായി അന്യമാകുകയാണ്.
സംസ്ഥാനത്തെ ഉന്നത നേതൃത്വത്തിലേക്കുള്ള പി ജയരാജൻറെ വാതിലടയുന്നതിനിടെ അദ്ദേഹത്തിൻറെ മകൻറെ വാട്സ് ആപ്പ് സ്റ്റാറ്റസ് ചർച്ചയാകുകയാണ്.
‘വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരു വിധി ഉണ്ടാകുമെന്ന് നിഷ്കളങ്കരേ നിങ്ങൾ പ്രതീക്ഷിച്ചിരുന്നോ ‘ എന്ന എം സ്വരാജിൻറെ വാചകമാണ് പി ജയരാജൻറെ മകൻ ജയിൻ രാജ് വാട്സ് ആപ്പിൽ സ്റ്റാറ്റസ് ആക്കിയത്. മറ്റൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്ന കാര്യമാണ് ജയിൻ തുറന്ന് പറഞ്ഞതെന്നാണ് വ്യഖ്യാനങ്ങൾ.
പ്രായപരിധി നിബന്ധന തുടർന്നാൽ അടുത്ത സമ്മേളനത്തിൽ സംസ്ഥാന സമിതിയിൽ നിന്നും ജയരാജൻ ഒഴിവാകും. കണ്ണൂരിലെ പാർട്ടിയുടെ അമരക്കാരൻ ആയിരുന്നിട്ടും മൂന്ന് പതിറ്റാണ്ട് മുൻപ് ഉൾപ്പെട്ട ഘടകത്തിൽ പി ജയരാജന്റെ സംഘടനാ ജീവിതം അവസാനിക്കാനാണ് സാധ്യതയെല്ലാം.

