തിരുവനന്തപുരം: വിവിധ ജില്ലകളിൽ വെള്ളിയാഴ്ചയും ഉയർന്ന താപനില മുന്നറിയിപ്പ്. സാധാരണയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി വരെ താപനില കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു
കണ്ണൂർ ജില്ലയിൽ 39 ഡിഗ്രി വരെ താപനില ഉയർന്നേക്കാം. കോട്ടയം, കാസർകോട്, തൃശൂർ ജില്ലകളിൽ 38 ഡിഗ്രി വരെയാണ് പ്രവചിച്ചിരിക്കുന്നത്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ താപനില 36 ഡിഗ്രി വരെയും ഉയരും.
സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പകൽ 11 മണി മുതൽ വൈകുന്നേരം 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

