കോട്ടയം: മതസ്പർദ്ധ ഉണ്ടാക്കുന്ന വാർത്ത പ്രസിദ്ധീകരിച്ചെന്നാരോപിച്ച് മീഡിയ വൺ ചാനലിന് എതിരെ പരാതി. കാസയുടെ പാലാ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡൻറ് മാഗി ഡൊമിനിക് ആണ് പരാതി നൽകിയത്.
ഹൈന്ദവ ക്രൈസ്തവ സമുദായങ്ങൾക്കിടയിൽ മതസ്പർദ്ധ ഉണ്ടാക്കി കലാപത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടി ബോധപൂർവ്വം പ്രവർത്തിച്ചതിനാണു മീഡിയ വൺ ചാനലിന്റെ മാനേജിങ് എഡിറ്റർ സി. ദാവൂദ് , ന്യൂസ് എഡിറ്റർ പ്രമോദ് രാമൻ , മീഡിയ വണ്ണിന്റെ കോട്ടയം ബ്യൂറോ റിപ്പോർട്ടർ ജോസി എന്നിവർക്കെതിരെ പരാതി നൽകിയത്. മീഡിയ വണ്ണിന്റെ പ്രകോപനപരമായ വ്യാജവാർത്ത ഷെയർ ചെയ്തു സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച മുസ്ലിം പണ്ഡിതനായ ആലപ്പുഴ സ്വദേശി അൻസാരി സുഹാരി ആലപ്പുഴ എന്ന വ്യക്തിക്കെതിരെയും പരാതിയുണ്ട്.
പാലാ രൂപതയുടെ കീഴിലുള്ള ഭൂമി കപ്പ കൃഷിക്ക് വേണ്ടി നിരപ്പാക്കുന്നതിനിടയിൽ മണ്ണിൽ നിന്നും ശിവലിംഗം കണ്ടെത്തിയ സംഭവത്തെ മുതലെടുത്തു കൊണ്ട് മീഡിയ വൺ ചെയ്ത വാർത്തയാണ് പരാതിക്ക് ആധാരം. ആ ഭൂമിയിൽ പുരാതനകാലത്ത് ഒരു ക്ഷേത്രം ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നതിനാൽ ആ വിവരം അടുത്തുള്ള വെള്ളപ്പാട് ഭഗവതി ക്ഷേത്ര ഭാരവാഹികളെ അറിയിക്കുകയും , തുടർന്ന് ക്ഷേത്ര ഭാരവാഹികളും സ്ഥലത്തിന്റെ ഉടമസ്ഥരായ പല രൂപത നേതൃത്വവും തമ്മിൽ 08 -02-2025-ൽ ബിഷപ് ഹൗസിൽ വെച്ച് സംസാരിച്ച് ഹൈന്ദവ ആചാര്യന്മാരുടെ വിധിപ്രകാരം കാര്യങ്ങൾ നീക്കുവാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഭൂമിയുടെ ഉടമസ്ഥ അവകാശത്തെ ചൊല്ലി യാതൊരു തർക്കവും ഇല്ലായെന്ന് രൂപതാ നേതൃത്വവും ക്ഷേത്ര ഭാരവാഹികളും റവന്യൂ അധികൃതരെ അറിയിക്കുകയും ചെയ്തു.

