ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാല് ദിവസത്തെ ഫ്രാന്‍സ്, യു.എസ് സന്ദര്‍ശനം തുടങ്ങി. ഇന്നലെ രാവിലെ ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട പ്രധാനമന്ത്രി രാത്രി പാരീസിലെത്തി. പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ ക്ഷണപ്രകാരം ഫ്രാന്‍സില്‍ നടത്തുന്ന മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന്റെ പ്രധാന അജന്‍ഡ ഇന്ന് നടക്കുന്ന എ.ഐ ആക്ഷന്‍ ഉച്ചകോടിയാണ്.
ലോക നേതാക്കളും ആഗോള ടെക് സി.ഇ.ഒമാരും പങ്കെടുക്കുന്ന ഉച്ചകോടിയില്‍ മക്രോണിനൊപ്പം പ്രധാനമന്ത്രി സഹ-അധ്യക്ഷത വഹിക്കും. നവീകരണത്തിനും പൊതുനന്മയ്ക്കും വേണ്ടിയുള്ള കാഴ്ചപ്പാടുകള്‍ പരസ്പരം കൈമാറുമെന്നും പ്രസിഡന്റ് മക്രോണിനൊപ്പം ഇന്ത്യ-ഫ്രാന്‍സ് തന്ത്രപരമായ പങ്കാളിത്തത്തിനായുള്ള ‘2047 ഹൊറൈസണ്‍ റോഡ്മാപ്പ് ‘പുരോഗതി അവലോകനം ചെയ്യുമെന്നും യാത്രയ്ക്കു മുന്‍പ് ഡല്‍ഹിയില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
മാര്‍സെയിലില്‍ ഫ്രാന്‍സിലെ ആദ്യ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്ഘാടനം, ഇന്ത്യ അംഗമായ ഇന്റര്‍നാഷനല്‍ തെര്‍മോ ന്യൂക്ലിയര്‍ എക്‌സ്പിരിമെന്റല്‍ റിയാക്ടര്‍ പദ്ധതി സന്ദര്‍ശനം, ലോകമഹായുദ്ധങ്ങളില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് മസാര്‍ഗൂസ് യുദ്ധ സ്മാരകത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കല്‍ എന്നിവയാണ് പ്രധാന പരിപാടികള്‍
ഫ്രാന്‍സിലെ സന്ദര്‍ശനത്തിന് ശേഷം 12ന് മോദി യു.എസിലേക്ക് തിരിക്കും.
