സെയ്ഫ് അലി ഖാനെ കുത്തിയ അക്രമിയെ തിരിച്ചറിഞ്ഞു; സിസിടിവി ദൃശ്യം പുറത്തുവിട്ട് മുംബൈ പൊലീസ്

0

മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയയാളെ തിരിച്ചറിഞ്ഞതായി മുംബൈ പൊലീസ്. സെയ്ഫ് അലി ഖാന്റെ വീടിന്റെ ആറാം നിലയിലെ സിസിടിവിയില്‍ നിന്ന് അക്രമിയുടെ ദൃശ്യങ്ങള്‍ ലഭിച്ചതായും പൊലീസ് പറഞ്ഞു. അക്രമിയുടെ സിസിടിവി ദൃശ്യം പൊലീസ് പുറത്തുവിട്ടു. മോഷണം ലക്ഷ്യമിട്ടാണ് ഇയാള്‍ അതിക്രമിച്ചു കയറിയതെന്നും പൊലീസ് അറിയിച്ചു.

ഫയര്‍ എസ്‌കേപ്പ് വഴിയാണ് അക്രമി ഫ്‌ലാറ്റിലേക്ക് പ്രവേശിച്ചതെന്നും നടനെ കുത്തിയ ശേഷം പ്രധാന ഗോവണിയിലൂടെ ഇയാള്‍ രക്ഷപ്പെട്ടുവെന്നും പൊലീസ് വ്യക്തമാക്കി. പ്രതിയെ പിടികൂടുന്നതിനായി വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ബാന്ദ്രയിലും സമീപ റെയില്‍വേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പ്രഭാദേവിലാണ് അയാളെ അവസാനമായി കണ്ടതെന്നും വിവരമുണ്ട്

അതേസമയം സെയ്ഫ് അലി ഖാന്റെ വീട്ടുജോലിക്കാരിയായ എലിമ്മാ ഫിലിപ്പ് എന്ന ലിമയാണ് അക്രമി ഫ്‌ലാറ്റിലേക്ക് പ്രവേശിക്കുന്നത് ആദ്യം കണ്ടതെന്നും പൊലീസ് പറയുന്നു. തുടര്‍ന്ന് പ്രതിയെ തടയാന്‍ ശ്രമിച്ച ജോലിക്കാരിയുടെ കൈക്ക് പരിക്കേറ്റു. എലിമ്മയുടെ നിലവിളി കേട്ടാണു സെയ്ഫ് ഓടി വന്നതെന്നും തുടര്‍ന്നുണ്ടായ സംഘട്ടനത്തിനിടെ പ്രതി കത്തിയുപയോഗിച്ച് സെയ്ഫിനെ കുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Leave a Reply