തൃശൂർ: ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ടു. ഒരാൾ മരിച്ചു. കുടുംബത്തിലെ ബാക്കി മൂന്ന് പേരെ കണ്ടെത്തിയിട്ടില്ല. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തുണ്ട്. ഭാര്യയും ഭർത്താവും മകളും 12കാരനായ ബന്ധുവുമാണ് അപകടത്തിൽപ്പെട്ടത്.
ചെറുതുരുത്തി സ്വദേശിയായ റെയ്ഹാനയാണ് മരിച്ചത്. ഇവരുടെ ഭർത്താവ് കബീർ, മകൾ സെറ (10), കബീറിന്റെ സഹോദരിയുടെ മകൻ 12കാരൻ സനു എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്.
നാല് പേരും ഒഴുക്കിൽപ്പെട്ടത് കണ്ട് സമീപത്തുണ്ടായിരുന്നവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. റെഹനയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ചെറുതുരുത്തി സ്വദേശികളായ ഇവർക്ക് പരിചിതമായ സ്ഥലം തന്നെയായിരുന്നു. എന്നാൽ അപകടച്ചുഴിയുള്ള സ്ഥലത്താണ് ഇവർ വീണത്. കുട്ടി വീണപ്പോൾ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് മറ്റുള്ളവരും അപകടത്തിൽപ്പെട്ടത് എന്നാണ് നിഗമനം.