തിരുവനന്തപുരം: ഏറെ വിവാദത്തിനു കാരണമായ ‘ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ പിണറായി വിജയനെന്ന സഖാവ് തന്നെ”, എന്ന വാഴ്‌ത്തും പാട്ടിനു ശേഷം വീണ്ടും പിണറായി വിജയനെ പ്രകീർത്തിച്ചു കൊണ്ട് ‘ഫീനിക്സ് പക്ഷി’ എന്ന മുഖസ്തുതി സംഘഗാനം വരുന്നു.
സമര ധീരസാരഥി പടനായകൻ തുടങ്ങി വിശേഷണങ്ങൾ ഗാനത്തിലുണ്ട്. പഠനകാലം പടയുടെ നടുവിൽ, അടിയന്തരാവസ്ഥയിലെ പീഡനം,
കോവിഡ് കാലവർഷക്കെടുതി ഉരുൾപൊട്ടൽ തുടങ്ങിയ പരാമർശങ്ങൾ ഇതിലുണ്ട്.
‘സമരധീര സാരഥി പിണറായി വിജയൻ, പടയുടെ നടുവിൽ പടനായകൻ’ എന്ന വരികളോടെയാണു പാട്ടു തുടങ്ങുന്നത്. ‘ഫീനിക്സ് പക്ഷിയായി മാറുവാൻ ശക്തമായ ത്യാഗപൂർണ ജീവിതം വരിച്ചയാളാ’ണു പിണറായിയെന്നു പാട്ടിൽ പറയുന്നു.
‘പാടവും പറമ്പും കേരമൊക്കെയും പടക്കളം
ജന്മിവാഴ്ചയെ തകർത്തു തൊഴിലിടങ്ങളാക്കിയോൻ
പണിയെടുത്തു ഭക്ഷണത്തിനായി പൊരുതും അച്ഛനെ
തഴുകിയ കരങ്ങളിൽ ഭരണചക്രമായിതാ…
കൊറോണ നിപ്പയൊക്കവേ തകർത്തെറിഞ്ഞ നാടിതേ
കാലവർഷക്കെടുതിയും ഉരുൾപൊട്ടലൊക്കവേ
ദുരിതപൂർണ ജീവിതം ഇരുളിലായ കാലവും
കൈവിളക്കുമായി ജ്വലിച്ചു കാവലായി നിന്നയാൾ
ജീവനുള്ള നാൾ വരെ സുരക്ഷിതത്വമേകിടാൻ
പദ്ധതികളൊക്കെയും ജനതതിക്കു നൽകിയോൻ’
എന്നിങ്ങനെ പോകുന്നു വരികൾ. ധനകാര്യവകുപ്പിലെ പൂവത്തൂർ ചിത്രസേനനാണ് ഈ മുഖസ്തുതി ഗാനം രചിച്ചത്.നിയമ വകുപ്പിലെ സെക്ഷൻ ഓഫീസർ കെ എസ് വിമൽ സംഗീതം നൽകിയ ഗാനം നാളെ സിപിഎം അനുകൂല കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സുവർണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി 100 വനിതാ ജീവനക്കാർ ഈ മുഖസ്തുതി ഗാനം ആലപിക്കും.