തിരുവനന്തപുരം: ഇൻ്റിവുഡ് ക്രിക്കറ്റും കേരള ക്രിക്കറ്റ് ലീഗ് (KCL) റണ്ണേഴ്‌സ് അപ്പുമായ ഏരീസ് കൊല്ലം സെയിലേഴ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന “വൈബ് – ഭവ് ഹണ്ട്” ക്രിക്കറ്റ് ട്രയൽസ് ഓഗസ്റ്റ് 2ന് തിരുവനന്തപുരത്ത് നടക്കും. കുട്ടികളിലെ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തുന്നതിനായി സംഘടിപ്പിക്കുന്ന ഈ ചലഞ്ചിലെ വിജയികളെ കാത്തിരിക്കുന്നത് 5 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് ആണ്.
തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ചാണ് ട്രയൽസ് നടക്കുക. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി വെവ്വേറെ വിഭാഗങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. 2011 മാർച്ച് 28 നും 2015 മാർച്ച് 28 നും ഇടയിൽ ജനിച്ചവർക്ക് (12 മുതൽ 16 വയസ്സ് വരെ പ്രായമുള്ളവർക്ക്) മത്സരത്തിൽ പങ്കെടുക്കാം.
മത്സര രീതിയും നിബന്ധനകളും:
മത്സര ക്രമം: ബൗളിംഗ് മെഷീൻ ഉപയോഗിച്ച് സിന്തറ്റിക് ക്രിക്കറ്റ് ബോളുകളിൽ ലഭിക്കുന്ന 6 പന്തുകളിൽ പരമാവധി സിക്സറുകൾ നേടുകയാണ് ലക്ഷ്യം.
യോഗ്യത: അടുത്ത ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെടാൻ ഒരു ഓവറിൽ കുറഞ്ഞത് 3 സിക്സറുകളെങ്കിലും അടിക്കണം. 6 പന്തുകളും സിക്സ് നേടുന്നവർ അതത് വിഭാഗത്തിൽ വിജയികളാകും. സമനില വന്നാൽ സൂപ്പർ ഓവർ വഴി വിജയിയെ നിശ്ചയിക്കും.
നിബന്ധനകൾ: മത്സരാർത്ഥികൾ സ്വന്തമായി ക്രിക്കറ്റ് കിറ്റും ക്രിക്കറ്റ് വൈറ്റ്‌സ് വസ്ത്രവും ധരിച്ച് എത്തേണ്ടതാണ്.
രേഖകൾ: പ്രായം തെളിയിക്കുന്നതിനായി തിരിച്ചറിയൽ രേഖയുടെ (ആധാർ) ഒറിജിനലും പകർപ്പും ഹാജരാക്കണം.
രജിസ്‌ട്രേഷൻ ഫീസ്: ₹500. indywoodcricket.com എന്ന വെബ്സൈറ്റിലൂടെ ഇപ്പോൾ രജിസ്റ്റർ ചെയ്യാം.
കേരളത്തിൽ ആരംഭിക്കുന്ന ഈ പവർ ഹിറ്റിങ് ചലഞ്ച് തുടർന്ന് 6 മാസത്തിനുള്ളിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും. അതാത് സംസ്ഥാനങ്ങളിലെ ഫ്രാഞ്ചൈസികളുമായി ചേർന്നായിരിക്കും മത്സരങ്ങൾ നടത്തുക. ഇതിനുശേഷമുള്ള ഗ്രാൻഡ് ഫൈനൽ മത്സരം ബാംഗ്ലൂരിൽ വച്ച് നടക്കും. പങ്കെടക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റ് നൽകും.
കുട്ടികളിൽ അച്ചടക്കവും ആത്മവിശ്വാസവുമുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കാനും നേതൃഗുണമുള്ള മികച്ച ക്രിക്കറ്റ് താരങ്ങളെ കണ്ടത്താനുമാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഏരീസ് ഗ്രൂപ്പ് ഫൗണ്ടർ ചെയർമാനും സി.ഇ.ഒയുമായ സോഹൻ റോയ് വ്യക്തമാക്കി.
ഏരീസ് കൊല്ലം സെയിലേഴ്‌സ്
കേരള ക്രിക്കറ്റ് ലീഗിലെ ശ്രദ്ധേയ ഫ്രാഞ്ചൈസിയായ ഏരീസ് കൊല്ലം സെയിലേഴ്‌സ്, കളിക്കാർക്ക് തൊഴിലുറപ്പ് നൽകുന്ന ഇന്ത്യയിലെ ഏക ലീഗ് ടീമാണ്. ഷാർജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ ഉടമ സോഹൻ റോയ് ഉടമസ്ഥനും മുൻ അന്താരാഷ്ട്ര താരം എസ്. ശ്രീശാന്ത് സഹ ഉടമയും മെന്ററുമാണ്. കെ.സി.എൽ മൂന്നാം സീസൺ മത്സരങ്ങൾ ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 5 വരെ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. സ്റ്റാർ സ്പോർട്സ്, ഏഷ്യാനെറ്റ് പ്ലസ്, ജിയോ ഹോട്ട്സ്റ്റാർ എന്നിവയിലാണ് തൽസമയ സംപ്രേഷണം.

