സിബിമലയിൽ സാറിനെ അങ്ങനെ പറയില്ല, എന്നെ വിമർശിച്ച ആളെക്കുറിച്ചായിരുന്നു പരാമർശം; വിശദീകരണവുമായി പേളി മാണി

0

ജോ സിബി മലയിലിന്റെ പ്രതികരണത്തിന് പിന്നാലെ, അദ്ദേഹത്തിന്റെ പിതാവും പ്രശസ്ത മലയാള ചലച്ചിത്ര സംവിധായനുമായ സിബി മലയിലിന്റെ പേര് വലിച്ചിഴക്കപ്പെട്ടതിൽ പ്രതികരണവുമായി പേളി മാണി. തന്നെക്കുറിച്ച് പേജുകൾ നീളുന്ന പോസ്റ്റ് ഇട്ടയാളെയാണ് അങ്ങനെ പരാമർശിച്ചതെന്നും, അതിൽ താൻ കൂടി ബഹുമാനിക്കുന്ന സിബി മലയിൽ എങ്ങനെ കടന്നുവന്നുവെന്ന് അറിയില്ലെന്നും പേളി.

ഒരാളെ ‘പരാജിതനായ ചലച്ചിത്രകാരൻ’ എന്ന് വിളിക്കേണ്ടിവന്നതിൽ ഖേദം പ്രകടിപ്പിച്ചു കൊണ്ടായിരുന്നു പേളിയുടെ യൂട്യൂബ് വീഡിയോ. നീറ്റ് സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾ സുരക്ഷിതരായിരിക്കണം എന്ന് പറഞ്ഞുകൊണ്ടുള്ള തന്റെ കുറിപ്പിനെ വളച്ചൊടിച്ച് അവതരിപ്പിച്ചതിലും പേളി പ്രതികരിച്ചിട്ടുണ്ട്.

“ഒരു 11 മണി സമയത്താണ് ഞാൻത് പോസ്റ്റ് ചെയ്യുന്നത്. ഈയൊരു സമയത്ത് നമ്മൾ എന്തിട്ടാലും അതിനൊരു നല്ലവശവും ചീത്തവശവും കാണുന്നുണ്ടാകും. ഭൂരിപക്ഷവും അതിന്റെ നല്ലവശമാണ് കണ്ടത്. പക്ഷേ കുറച്ചുനേരം കഴിഞ്ഞതിനു ശേഷം ഞാൻ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത വ്യാഖ്യാനങ്ങൾ ഈ ഒരു പോസ്റ്റിന്റെ താഴെ കമന്റുകൾ ആയിട്ട് വരാൻ തുടങ്ങി.

ഞാൻ ഇങ്ങനെയൊന്നും എഴുതിയിട്ടില്ലല്ലോ ഇതല്ലല്ലോ ഞാൻ ഉദ്ദേശിക്കുന്നത് എന്ന് ഞാൻ ചിന്തിച്ചു. ഈ ഗോ ഹോം എന്ന് പറയുമ്പോൾ പോലും ഞാൻ ഉദ്ദേശിച്ചത് നിങ്ങൾ സുരക്ഷിതരായി ഇരിക്കണേ എന്ന് പറയുന്നതിന്റെ കൂടെയാണ്. അല്ലാതെ നിങ്ങൾ ഇത് നിർത്തിയിട്ട് വീട്ടിൽ പോണം എന്ന് പറയാൻ ഞാൻ ആരുമല്ല, അതിന്റെ ആവശ്യവുമില്ല.റീൽസ് ഒക്കെ കണ്ട് എല്ലാരും അടിവാങ്ങുന്നതും ചോര വരുന്നതുമായ ദൃശ്യങ്ങൾ കണ്ട് ആ ഭയത്തിൽ നിന്നും വേദനയിൽ നിന്നുമാണ് ഈ ഒരു പോസ്റ്റ് ഞാൻ ഇടുന്നത്. പിന്നെയാണ് ഡിഎം വഴി എനിക്ക് മനസ്സിലായത് കുറേ പേർ ഇങ്ങനെ ഒരാൾ ഒരു പോസ്റ്റിനെ കുറിച്ച് ഇത്രയും വലിയൊരു വ്യാഖ്യാനം നൽകിയിട്ടുണ്ട് എന്ന്. അതെനിക്ക് വളരെയേറെ വേദനയുണ്ടാക്കി,” പേളി പറഞ്ഞു.

പേളിയുടെ ഈ പോസ്റ്റിനു പിന്നാലെ, ജോ സിബി മലയിൽ ഏഴു പേജ് നീളമുള്ള ഒരു ഇൻസ്റ്റഗ്രാം കുറിപ്പുമായി വരികയായിരുന്നു. “ഞാൻ മിണ്ടാണ്ടിരുന്നു. പക്ഷേ ഇതിങ്ങനെ കൂടിക്കൂടികൂടി വരികയായിരുന്നു. സത്യം നിങ്ങളെ അറിയിക്കാൻ വേണ്ടി മാത്രമാണ് ഞാൻ ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. ഞാൻ ഒരിക്കലും സിബിമലയിൽ സാറിനെ അങ്ങനെ പറയില്ല. അദ്ദേഹം മലയാള സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളാണ്. അക്കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. ഞാൻ അദ്ദേഹത്തിന്റെ വലിയൊരാരാധികയാണ്. സർ ഇത് കാണുന്നുണ്ടെങ്കിൽ ഞാൻ തങ്ങളുടെ ഒരു വലിയ ഫാൻ ആണ്. ഞാൻ ഈ വീഡിയോ ഇടുമ്പോൾ നിങ്ങൾ എല്ലാവരും എന്നെ വിമർശിക്കുന്നത് നിർത്തണം എന്ന് ഞാൻ ഉദ്ദേശിക്കുന്നില്ല. നിങ്ങൾ എന്നെ വിമർശിക്കണം. കാരണം സോഷ്യൽ മീഡിയ ഒരു പൊതു പ്ലാറ്റ്‌ഫോം ആണ്,” പേളി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here