കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ട് സണ്ണി ജോസഫ്; പുതിയ നേതാവിനെ തേടി കോൺഗ്രസ്

0

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടതായി സണ്ണി ജോസഫ്. കെപിസിസി നേതൃയോഗത്തിലാണ് അദ്ദേഹം രാജിസന്നദ്ധത അറിയിച്ചത്. മന്ത്രി പദവി ഏറ്റെടുത്ത സാഹചര്യത്തിൽ പാർട്ടി അധ്യക്ഷനെന്ന നിലയിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ പ്രയാസമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ അധ്യക്ഷനെ ഉടൻ നിയമിക്കണമെന്ന് ആവശ്യപ്പെട്ടത്.

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് സണ്ണി ജോസഫ് പിന്മാറുകയാണെങ്കിൽ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾ സജീവമാകും. ബെന്നി ബെഹനാൻ, കൊടിക്കുന്നിൽ സുരേഷ്, ജോസഫ് വാഴയ്ക്കൻ എന്നിവരുടെ പേരുകളാണ് നിലവിൽ പരിഗണനയിലുള്ളതായി സൂചന.

അതേസമയം, കെപിസിസിയിൽ സമഗ്ര പുനഃസംഘടനയ്ക്കാണ് എഐസിസി തയ്യാറെടുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ ഭാരവാഹി സംവിധാനത്തിൽ വലിയ മാറ്റങ്ങൾ വരുത്താനും മുഴുവൻ ഭാരവാഹികളെയും പുനർനിയമിക്കാനുമുള്ള സാധ്യതകൾ പരിശോധിക്കുന്നുണ്ട്.

ഇത്തരം മാറ്റങ്ങൾ നടപ്പായാൽ വർക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാറിനും പി.സി. വിഷ്ണുനാഥിനും പകരം പുതിയ നേതാക്കൾ എത്താൻ സാധ്യതയുണ്ട്. കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. പ്രവീൺ കുമാറിന്റെയും മുൻ ആരോഗ്യമന്ത്രി വി.എസ്. സുനിൽകുമാറിന്റെയും പേരുകൾ വിവിധ ചർച്ചകളിൽ ഉയർന്നുവരുന്നുണ്ട്.

മുൻപ് വിവിധ പദവികൾക്കായി പരിഗണിക്കപ്പെട്ടെങ്കിലും അവസരം ലഭിക്കാതിരുന്ന നേതാക്കളെ ഉൾപ്പെടുത്തിക്കൊണ്ടായിരിക്കും പുതിയ കെപിസിസി നേതൃത്വം രൂപീകരിക്കുകയെന്നാണ് സൂചന. കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിൽ വലിയ അഴിച്ചുപണിക്കുള്ള സാധ്യതകൾ ഇതോടെ ശക്തമായിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here