പാലക്കാട്: മണ്ണാർക്കാട് തച്ചമ്പാറ ദേശബന്ധു സ്കൂൾ ബസിന്റെ വാതിൽ തെറിച്ചു വീണ സംഭവത്തിൽ പരിശോധന കർശനമാക്കി മോട്ടർ വാഹന വകുപ്പ്.
പരിശോധനയ്ക്ക് ഹാജരാക്കാതെ ഒളിപ്പിച്ച ഡോർ അടർന്നു വീണ ബസ് കൊപ്പത്തു നിന്ന് പിടികൂടി. വാതിൽ അടർന്നു വീണ വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസൻസ് പിടിച്ചെടുത്തു.
മോട്ടർ വാഹനവകുപ്പ് പരിശോധനയ്ക്ക് എത്തിയപ്പോൾ അപകടത്തിൽപ്പെട്ട ബസ് സ്കൂളിൽ നിന്ന് മാറ്റിയിരുന്നു. തുടർന്ന് ജിപിഎസ് ഉപയോഗിച്ചാണ് വാഹനം കണ്ടെത്തി കസ്റ്റഡിയിൽ എടുത്തത്.
സ്കൂളിലെ ആറ് വാഹനങ്ങളാണ് പരിശോധനയ്ക്ക് ഹാജരാക്കിയത്. ഈ വാഹനങ്ങൾക്ക് ഫിറ്റ്നസ് ഇല്ലെന്ന് കണ്ടെത്തി. ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കുന്ന വാഹനങ്ങളിൽ ക്യാമറ ഉൾപ്പെടെയുള്ളവ സ്ഥാപിക്കണം.
ഈ കാരണങ്ങൾ കൊണ്ട് തച്ചമ്പാറ സ്കൂളിലെ ബസുകൾ പരിശോധനയ്ക്ക് എത്തിച്ചിരുന്നില്ല. സംഭവത്തിൽ 30,000 രൂപ പിഴ ചുമത്തി. വെള്ളിയാഴ്ചയാണ് കുട്ടികളുമായി പോകുന്നതിനിടെ ബസിന്റെ ഹൈഡ്രോളിക് സംവിധാനമുള്ള വാതിൽ തെറിച്ചു വീണത്.

