മുംബൈ: നാസിക്കിലെ ടിസിഎസ് കേന്ദ്രവുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമ-നിർബന്ധിത മതപരിവർത്തന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന എച്ച്.ആർ മാനേജർ നിദ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. ലൈംഗിക പീഡനം, മാനസിക പീഡനം, നിർബന്ധിത മതപരിവർത്തന ശ്രമം തുടങ്ങിയ ഗുരുതര ആരോപണങ്ങളിലാണ് നടപടി.
25 ദിവസമായി ഒളിവിൽ കഴിയുകയായിരുന്ന നിദ ഖാനെ ഛത്രപതി സംഭാജിനഗറിൽ നിന്നാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. നാസിക് പ്രത്യേക അന്വേഷണസംഘം, ഛത്രപതി സംഭാജിനഗർ പൊലീസ് കമ്മിഷണറേറ്റ്, ക്രൈംബ്രാഞ്ച് എന്നിവർ ചേർന്നാണ് അറസ്റ്റ് നടത്തിയത്.
കഴിഞ്ഞ നാല് ദിവസമായി നരേഗാവിലെ കൈസർ കോളനിയിലെ ഫ്ലാറ്റിൽ മാതാപിതാക്കളും സഹോദരനുമൊപ്പമാണ് നിദ ഖാൻ താമസിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. രഹസ്യവിവരത്തെ തുടർന്നാണ് ഫ്ലാറ്റ് നിരീക്ഷണത്തിലാക്കി പ്രതിയെ പിടികൂടിയത്.
അറസ്റ്റിന് മുൻപ് സംരക്ഷണം തേടി നിദ ഖാൻ കോടതിയെ സമീപിച്ചിരുന്നു. രണ്ട് മാസം ഗർഭിണിയാണെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ട് മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും കോടതി ഇടക്കാല ജാമ്യം അനുവദിച്ചില്ല.
2021 ഡിസംബറിലാണ് നിദ ഖാൻ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. ‘പ്രോസസ് അസോസിയേറ്റ്’ ആയി പ്രവർത്തിച്ചിരുന്ന ഇവരെ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.
കഴിഞ്ഞ മാസം നാസിക്കിലെ ഒരു ബിപിഒ യൂണിറ്റിൽ നിന്നാണ് ലൈംഗിക പീഡനം, മാനസിക പീഡനം, മതപരിവർത്തന സമ്മർദ്ദം എന്നിവ സംബന്ധിച്ച പരാതികൾ പുറത്തുവന്നത്. ഇതിനെ തുടർന്ന് സംസ്ഥാനവ്യാപകമായി അന്വേഷണം ശക്തമാക്കുകയും നിരവധി സംഘങ്ങളെ പൊലീസ് നിയോഗിക്കുകയും ചെയ്തിരുന്നു.
പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യലിനും തുടർനടപടികൾക്കുമായി നാസിക്കിലേക്ക് കൊണ്ടുപോയി.
English Summary
HR manager Nida Khan, the main accused in the Nashik TCS sexual harassment and forced religious conversion case, has been arrested after remaining absconding for 25 days.

