മന്ത്രിസഭയിൽ കൂടുതൽ പ്രാതിനിധ്യം വേണം; സതീശനോട് ആവശ്യം ഉന്നയിച്ച് ശിവഗിരി മഠം

0

തിരുവനന്തപുരം: ശിവഗിരി മഠവുമായും ശ്രീനാരായണ പ്രസ്ഥാനങ്ങളുമയും ബന്ധമുള്ള നേതാക്കൾക്ക് പുതിയ മന്ത്രിസഭയിൽ കൂടുതൽ പ്രാതിനിധ്യം നൽകണമെന്ന് ആവശ്യപ്പെട്ട് ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി സച്ചിദാനന്ദ. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനോട് ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മഠവുമായി ബന്ധപ്പെട്ട് വിജയിച്ച ഒൻപത് പേരിൽ കുറഞ്ഞത് മൂന്നോ നാലോ പേരെയെങ്കിലും മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്നാണ് ശിവഗിരി മഠത്തിന്റെ ആവശ്യം. പിന്നാക്കക്ഷേമം, പട്ടികജാതി-പട്ടികവർഗ ക്ഷേമം തുടങ്ങിയ പ്രധാന വകുപ്പുകളും ഈ വിഭാഗവുമായി ബന്ധപ്പെട്ട നേതാക്കൾക്ക് നൽകണമെന്ന നിർദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്.

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിലും നിയന്ത്രണത്തിലും വ്യക്തമായ മാർഗനിർദേശങ്ങൾ വേണമെന്നും സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടു. സ്ഥാനാർത്ഥി നിർണയ ഘട്ടത്തിൽ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിലേക്ക് 18 പേരെ ശിവഗിരി മഠം നിർദേശിച്ചിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കെ. സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, അടൂർ പ്രകാശ് എന്നിവർക്കും മതിയായ പരിഗണന നൽകണമെന്നും കൊടിക്കുന്നിൽ സുരേഷിനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നുമായിരുന്നു അന്നത്തെ നിർദേശം. മന്ത്രിസഭാ രൂപീകരണത്തിൽ മുഖ്യമന്ത്രി അനുകൂല നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയും ശിവഗിരി മഠം പ്രകടിപ്പിച്ചു.

English Summary

Sivagiri Mutt has demanded greater representation in the upcoming Kerala cabinet led by V.D. Satheesan. Swami Sachidananda said that among the nine elected leaders associated with the mutt and Sree Narayana movements, at least three or four should be made ministers. The mutt has also sought key welfare portfolios and clearer guidelines on ministerial staff appointments.

LEAVE A REPLY

Please enter your comment!
Please enter your name here