മുതിർന്ന സിപിഎം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസൻ അന്തരിച്ചു, മരണം അർബുദബാധയെ തുടർന്ന് ചികിത്സയിലിരിക്കെ

0

കോഴിക്കോട്: അർബുദബാധയെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന മുതിർന്ന സിപിഐഎം നേതാവും കോഴിക്കോട്‌ മുൻ മേയറുമായ ടിപി ദാസൻ അന്തരിച്ചു. കോഴിക്കോട്ടെ സഹകരണ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 76 വയസായിരുന്നു. സിപിഎം കോഴിക്കോട്‌ ടൗൺ ഏരിയാ കമ്മിറ്റി അംഗമായ ഇദ്ദേഹം ദീർഘനാൾ കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗമായിരുന്നു. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് കാലമായി രോഗബാധയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന അദ്ദേഹത്തെ അസുഖം മൂർച്‌ഛിച്ചതിനെ തുടർന്ന് വെള്ളിയാഴ്‌ച രാത്രി ആശുപത്രിയിലെത്തിച്ചു. തുടർന്ന് ചികിത്സയിലിരിക്കെ വെള്ളിയാഴ്‌ച രാത്രി 11.30-ഓടെ ആണ് മരണം സംഭവിച്ചത്. കെടിഡിസി ഡയറക്ടർ, കല പ്രസിഡന്റ്‌ തുടങ്ങിയ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചു. നടക്കാവിലെ ബാബുരാജ്‌ മ്യൂസിക്‌ അക്കാദമി സെക്രട്ടറിയായിരുന്നു ടിപി ദാസൻ.

കോർപ്പറേഷൻ മുൻ സ്ഥിരംസമിതി അധ്യക്ഷയും റിട്ട. കോ-ഓപ്പറേറ്റീവ്‌ ഡെപ്യൂട്ടി രജിസ്‌ട്രാറുമായ ടി.വി. ലളിതപ്രഭയാണ്‌ ഭാര്യ. മിലി, മിനി, മിഥുൻ എന്നിവരാണ് മക്കള്‍. മരുമക്കൾ: ബൈജു , സജീഷ്‌ , നീതു

LEAVE A REPLY

Please enter your comment!
Please enter your name here