Puneയിൽ ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് 25കാരിയെ ക്രൂരമായി പീഡിപ്പിച്ച ഭർത്താവ് അറസ്റ്റിൽ. വെൽഡിംഗ് തൊഴിലാളിയായ യുവാവാണ് ഭാര്യയെ മർദിച്ചതിന് പിന്നാലെ സ്വകാര്യഭാഗത്ത് ആസിഡ് ഒഴിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഏപ്രിൽ 20നാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു.
ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പ്രതി ഭാര്യയുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് മർദിക്കുകയുമായിരുന്നു. പിന്നാലെ വീട്ടിലുണ്ടായിരുന്ന ഫ്ലോർ ക്ലീനിംഗ് ആസിഡ് ഉപയോഗിച്ച് യുവതിയെ ആക്രമിച്ചുവെന്നാണ് പരാതി. ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയ്ക്കായി ആശുപത്രിയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രതി അനുവദിച്ചില്ലെന്നും പൊലീസ് പറയുന്നു.
സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞാലോ പൊലീസിൽ പരാതി നൽകിയാലോ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. തുടർന്ന് യുവതിയെ ദിവസങ്ങളോളം വീട്ടിൽ പൂട്ടിയിട്ടും ചികിത്സ നിഷേധിച്ചുവെന്നാണ് വിവരം.
കടുത്ത വേദന സഹിച്ച യുവതി പിന്നീട് ഭർത്താവിന്റെ ശ്രദ്ധയിൽപ്പെടാതെ മാതാപിതാക്കളുടെ വീട്ടിലെത്തി. അവിടെവെച്ചാണ് തനിക്കുനേരെയുണ്ടായ ക്രൂര പീഡനത്തെക്കുറിച്ച് കുടുംബാംഗങ്ങളോട് വെളിപ്പെടുത്തിയത്. തുടർന്ന് മേയ് 15ന് മാതാപിതാക്കളുടെ പിന്തുണയോടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു.
English Summary:
A 25-year-old woman in Pune was allegedly subjected to severe domestic violence by her husband over suspicions of an extramarital affair. Police said the accused assaulted her and used a floor-cleaning acid during the attack. The victim was allegedly denied medical treatment and threatened against reporting the incident. She later escaped to her parents’ home and filed a complaint, following which the husband was arrested and booked under serious charges.

