ഒഡിഷയിലെ നയഗഡ് ജില്ലയിൽ തേൻ ശേഖരിക്കാൻ ശ്രമിച്ച കൗമാരക്കാരൻ നേരിട്ടത് ജീവൻ പണയം വെച്ച എട്ട് മണിക്കൂർ നീണ്ട ഭീതിനാടകമാണ്. പാറയിടുക്കിൽ തല കുടുങ്ങിയ കുട്ടിയുടെ മുഖത്തിന് സമീപം വിഷപ്പാമ്പും ഉണ്ടായിരുന്നതോടെ രക്ഷാപ്രവർത്തനം അതീവ ദുഷ്‌കരമായി.
കാണിപദ വനമേഖലയിലാണ് സംഭവം. ഷിബ പ്രധാൻ എന്ന ബാലൻ അമ്മാവനൊപ്പം തേൻ ശേഖരിക്കാനായി കാട്ടിലെത്തിയതായിരുന്നു. പാറയിടുക്കിനുള്ളിലുണ്ടായിരുന്ന തേനീച്ചക്കൂട് എടുക്കാൻ ശ്രമിക്കുന്നതിനിടെ ഷിബയുടെ തല പാറയ്ക്കിടയിൽ കുടുങ്ങുകയായിരുന്നു.
അമ്മാവനും നാട്ടുകാരും ചേർന്ന് കുട്ടിയെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് പോലീസും അഗ്‌നിശമനസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ കുട്ടിയുടെ മുഖത്തിന് തൊട്ടരികിൽ ഒരു വിഷപ്പാമ്പ് ഇരിക്കുന്നതായി കണ്ടെത്തിയത് രക്ഷാദൗത്യത്തെ കൂടുതൽ അപകടകരമാക്കി.
പാമ്പിനെ പ്രകോപിപ്പിക്കാതെ കുട്ടിയെ സുരക്ഷിതമായി പുറത്തെടുക്കുക എന്നതായിരുന്നു രക്ഷാപ്രവർത്തകരുടെ വെല്ലുവിളി. ഒടുവിൽ എട്ട് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ ഷിബയെ പരിക്കുകളില്ലാതെ രക്ഷപ്പെടുത്തി. ചെറിയ പോറലുകൾ മാത്രമാണ് കുട്ടിക്കുണ്ടായത്.
മരണത്തെ നേരിൽ കണ്ട അനുഭവത്തിന്റെ നടുക്കം ഇപ്പോഴും കുടുംബത്തെ വിട്ടുമാറിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
English Summary
A teenage boy in survived a terrifying eight-hour ordeal after his head got stuck inside a rock crevice while collecting honey in a forest area of Nayagarh district.
Rescue teams later discovered a venomous snake sitting dangerously close to the boy’s face, making the operation extremely risky. After hours of careful rescue efforts, the boy was safely pulled out with only minor injuries.
odisha-boy-head-stuck-rock-crevice-snake-rescue

