“ദൈവസന്നിധിയിൽ എല്ലാവരും തുല്യർ”; വിഐപി ദർശനത്തിന്റെ ന്യായം എന്തെന്ന് ചോദിച്ച് മദ്രാസ് ഹൈക്കോടതി

0

ചെന്നൈ: ക്ഷേത്രങ്ങളിലെ വിഐപി ദർശനവും പണം നൽകി ലഭിക്കുന്ന പ്രത്യേക ദർശന സംവിധാനവും ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതി. ദൈവത്തിന് മുന്നിൽ എല്ലാ ഭക്തർക്കും തുല്യ സ്ഥാനമാണുള്ളതെന്നും കൂടുതൽ പണം നൽകുന്നവർക്ക് പ്രത്യേക പരിഗണന നൽകുന്നതിന്റെ യുക്തി എന്താണെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു.

വിശ്വ ഹിന്ദു പരിഷത്ത് പ്രസിഡന്റ് പി. ചൊക്കലിംഗം സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസുമാരായ ജി.ആർ. സ്വാമിനാഥൻ, വി. ലക്ഷ്മിനാരായണൻ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്. ക്ഷേത്രങ്ങളിലെ വിഐപി ദർശന സംവിധാനവും പണം വാങ്ങിയുള്ള പ്രത്യേക പ്രവേശനവും അവസാനിപ്പിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

“കൂടുതൽ പണം നൽകിയാൽ ദൈവത്തെ കൂടുതൽ അടുത്ത് കാണാനാകുമോ? രാഷ്ട്രപതി പോലും ദൈവസന്നിധിയിൽ ഒരു സാധാരണ ഭക്തനാണ്. അപ്പോൾ വിഐപി ദർശനത്തിന് എന്താണ് പ്രസക്തി?” എന്നായിരുന്നു കോടതിയുടെ ചോദ്യം.

അതേസമയം, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, ഗർഭിണികൾ, നവദമ്പതികൾ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രത്യേക സൗകര്യങ്ങൾ തുടരേണ്ടതുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. വലിയ ക്ഷേത്രങ്ങളിൽ പ്രത്യേക ദർശന ക്രമീകരണങ്ങൾ നിലവിലുണ്ടെങ്കിലും സാധാരണ ഭക്തരുടെ കാത്തിരിപ്പ് സമയം കുറയുന്നില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ, പ്രത്യേക ദർശനത്തിന് പണം നൽകുന്നത് നിർബന്ധമല്ലെന്നും ക്ഷേത്രങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായാണ് ഈ സംവിധാനം നടപ്പിലാക്കിയിരിക്കുന്നതെന്നും കോടതിയെ അറിയിച്ചു. സർക്കാരിന്റെ വിശദമായ മറുപടി സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് കേസ് പരിഗണിക്കുന്നത് കോടതി ആറാഴ്ചത്തേക്ക് മാറ്റിവച്ചു.

English Summary

The Madras High Court questioned the practice of VIP and paid special darshan in temples, observing that all devotees are equal before God. Hearing a petition seeking the abolition of such systems, the court asked what justifies giving special treatment to those who pay more. The Tamil Nadu government argued that the system helps manage crowd control and is not mandatory. The court has granted the government six weeks to file a detailed response.

LEAVE A REPLY

Please enter your comment!
Please enter your name here