തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രാ പദ്ധതി നടപ്പാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ സ്വകാര്യ ബസ് ഉടമകൾ രംഗത്തെത്തി. പദ്ധതിയുടെ സാമ്പത്തികവും പ്രായോഗികവുമായ വശങ്ങൾ വിലയിരുത്തുന്നതിനായി യാത്രക്കാരുടെ കണക്ക് ശേഖരിക്കൽ നടപടികൾ കെഎസ്ആർടിസി ആരംഭിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്.
സർക്കാരിന്റെ നീക്കം പൊതുഗതാഗത മേഖലയെ പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ മുന്നറിയിപ്പ് നൽകി. ഡീസൽ വില വർധനയും പരിപാലന ചെലവുകളും മൂലം സ്വകാര്യ ബസ് മേഖല ഇതിനകം തന്നെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതി വരുന്നതെന്ന് ഉടമകൾ ചൂണ്ടിക്കാട്ടുന്നു.
കെഎസ്ആർടിസിയിൽ മാത്രം സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചാൽ വലിയ തോതിൽ യാത്രക്കാർ സ്വകാര്യ ബസുകളിൽ നിന്ന് മാറിപ്പോകുമെന്നും, ഇതോടെ പല റൂട്ടുകളിലെയും സർവീസുകൾ നിർത്തേണ്ട അവസ്ഥ ഉണ്ടാകുമെന്നും അവർ പറയുന്നു. യാത്രക്കാരുടെ എണ്ണം കുറഞ്ഞാൽ മേഖലയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
അതേസമയം, സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര നൽകുക എന്നത് യു.ഡി.എഫ് മുന്നോട്ടുവച്ച പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ്. സർക്കാർ രൂപീകരിച്ചാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ പദ്ധതിക്ക് അംഗീകാരം ലഭിക്കാനിടയുണ്ടെന്നാണ് സൂചന.
നിലവിൽ പ്രതിദിനം ഏകദേശം 23.5 ലക്ഷം ആളുകളാണ് കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുന്നത്. അതിൽ ഏകദേശം 45 ശതമാനം സ്ത്രീകളാണെന്നാണ് പ്രാഥമിക കണക്ക്. ഓർഡിനറി, സൂപ്പർഫാസ്റ്റ് സർവീസുകളിൽ പദ്ധതി നടപ്പാക്കിയാൽ പ്രതിമാസം ഏകദേശം 90 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിക്ക് ഈ ചെലവ് വഹിക്കാൻ കഴിയുമോയെന്ന ചർച്ചകളും ഇതിനിടെ സജീവമാണ്. എന്നാൽ യാത്രാചെലവിൽ നിന്ന് ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സ്ത്രീകൾ.
English Summary
Private bus owners in Kerala have opposed the proposed free travel scheme for women in KSRTC buses. They argue that offering free travel only in KSRTC services could severely affect private bus operators, many of whom are already struggling with rising fuel and operational costs. KSRTC has reportedly started collecting passenger data to assess the feasibility of the scheme. The proposal was one of the major election promises of the UDF, and reports suggest it may be approved soon if the new government takes charge. Estimates indicate the scheme could cost around Rs 90 crore per month.

