കൊച്ചി ക്രിപ്റ്റോ കറൻസി തട്ടിപ്പ്: അന്വേഷണം വമ്പൻ സ്രാവുകളിലേക്ക്; ഇഡിയും എൻഐഎയും രംഗത്ത്

0

കൊച്ചി: കൊച്ചി ആസ്ഥാനമായി നടന്ന വൻ ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ അന്വേഷണം വമ്പൻ സ്രാവുകളിലേക്ക് നീങ്ങുന്നു. കേസിന്റെ അന്താരാഷ്ട്ര ബന്ധങ്ങളും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായുള്ള ഫണ്ട് വിനിയോഗവും മുൻനിർത്തി കേന്ദ്ര അന്വേഷണ ഏജൻസികളായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ED) നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയും (NIA) അന്വേഷണം ആരംഭിച്ചു. തട്ടിപ്പ് സംഘത്തിന് പാകിസ്ഥാൻ, ലൈബീരിയ, യുഎഇ എന്നീ രാജ്യങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇതോടൊപ്പം തന്നെ പൊലീസ് ഉദ്യോഗസ്ഥർക്കും പങ്കുണ്ട്.

കേസുമായി ബന്ധപ്പെട്ട് പോലീസ് സ്ഥാപനത്തിൽ റെയ്ഡിനായി എത്തിയ സമയത്ത് നിർണായക വിവരങ്ങൾ അടങ്ങിയ ലാപ്‌ടോപ്പുകളുമായി ജീവനക്കാർ കടന്നുകളയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

‘ലിബർട്ടാസ്’ എന്ന സ്ഥാപനത്തിന്റെ മറവിലാണ് സംസ്ഥാന വ്യാപകമായി കോടികളുടെ തട്ടിപ്പ് നടന്നത്. ക്രിപ്റ്റോ കറൻസി ക്ലാസുകൾ എടുക്കാൻ ലൈസൻസ് ഉള്ള ഈ സ്ഥാപനം, ഇതിന്റെ മറവിൽ ജനങ്ങളിൽ നിന്ന് മോഹനവാഗ്ദാനങ്ങൾ നൽകി കോടിക്കണക്കിന് രൂപ നിക്ഷേപമായി സ്വീകരിക്കുകയായിരുന്നു. നിലവിലെ നിഗമനമനുസരിച്ച് 250 കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് സംസ്ഥാനത്ത് നടന്നിട്ടുള്ളത്. കൊച്ചിയിലെ പ്രമുഖ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ പതിനായിരങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വൻ പരിപാടികൾ സംഘടിപ്പിച്ചാണ് പഴയ മണി ചെയിൻ മാതൃകയിൽ ഇവർ നിക്ഷേപകരെ ആകർഷിച്ചിരുന്നത്. ചെറിയ സമയത്തിനുള്ളിൽ തുക ഇരട്ടിപ്പിച്ചു നൽകുമെന്ന വാഗ്ദാനത്തിൽ ക്യാൻസർ രോഗികൾ മുതൽ സർക്കാർ ഉദ്യോഗസ്ഥർ വരെ തട്ടിപ്പിനിരയായിട്ടുണ്ട്.

തട്ടിപ്പിലൂടെ സമാഹരിച്ച കോടിക്കണക്കിന് രൂപ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി പാകിസ്ഥാൻ, ലൈബീരിയ, യുഎഇ എന്നിവിടങ്ങളിലേക്ക് കടത്തിയതായാണ് കണ്ടെത്തൽ. യുഎഇയിൽ ഈ സംഘം നടത്തുന്ന ഓഫീസ് പൂർണ്ണമായും നിയന്ത്രിക്കുന്നത് പാകിസ്ഥാൻ സ്വദേശികളാണെന്ന നിർണായക വിവരവും പുറത്തുവന്നിട്ടുണ്ട്. തട്ടിപ്പിന്റെ തലവനായ ലൈബീരിയൻ സ്വദേശിയെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

സ്ഥാപനത്തിന്റെ ഒന്നാം പ്രതി സ്റ്റാൻലി സൈമൺ, ഭാര്യ സീന സ്റ്റാൻലി, മകൾ ജെനിഫർ സ്റ്റാൻലി, ഡയറക്ടർമാരായ രമേഷ്, പ്രശാന്ത് എന്നിവരുൾപ്പെടെ ഏഴുപേർക്കെതിരെ എറണാകുളം നോർത്ത് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ സ്ഥാപനത്തിന്റെ ഡയറക്ടറായ പ്രശാന്ത് തട്ടിപ്പുമായി ബന്ധപ്പെട്ട നിർണായക രേഖകളുമായി ഒളിവിൽ പോയിരിക്കുകയാണ്.

അതേസമയം, കൂടുതൽ ആളുകളെ തട്ടിപ്പിലേക്ക് ആകർഷിക്കുന്നതിനായി ജീവനക്കാർക്ക് മലേഷ്യ, വിയറ്റ്നാം ട്രിപ്പുകൾ ഉൾപ്പെടെയുള്ള വൻ ഓഫറുകളാണ് മാനേജ്‌മെന്റ് നൽകിയിരുന്നതെന്നും എന്നാൽ സാധാരണക്കാരായ ജീവനക്കാർക്ക് ഈ തട്ടിപ്പിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here