ക്യാബിനറ്റില്‍ കരുത്തരായി കെ.സി പക്ഷം

0

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കാനിരിക്കെ, മുഖ്യമന്ത്രി സ്ഥാനം നഷ്ടമായെങ്കിലും ക്യാബിനറ്റില്‍ വ്യക്തമായ മേല്‍ക്കൈ നേടിയിരിക്കുകയാണ് കെ.സി വേണുഗോപാല്‍ പക്ഷം. നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശനും മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയും മുന്നോട്ട് വെച്ച പല പ്രമുഖ പേരുകളും അവസാന നിമിഷം വെട്ടിമാറ്റിയാണ് കെ.സി ക്യാമ്പ് മന്ത്രിസഭയില്‍ അപ്രമാദിത്യം ഉറപ്പിച്ചത്.

ഒ.ജെ ജനീഷിന്റെ സര്‍പ്രൈസ് എന്‍ട്രി ഉള്‍പ്പെടെ, അതീവ ആസൂത്രിതമായ നീക്കങ്ങളാണ് കെ.സി പക്ഷം അണിയറയില്‍ നടത്തിയത്. കന്റോണ്‍മെന്റ് ഹൗസിലെ നാടകീയ നീക്കങ്ങള്‍ അതിന് തെളിവാണ്. ഗവര്‍ണറെ കാണാനായി നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍ കന്റോണ്‍മെന്റ് ഹൗസില്‍ നിന്നും ഇറങ്ങുന്നതിന് തൊട്ടുമുന്‍പ് വരെ നാടകീയമായ ട്വിസ്റ്റുകളാണ് തിരുവനന്തപുരത്ത് അരങ്ങേറിയത്. മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടത് കെ.സി ക്യാമ്പിലുണ്ടാക്കിയ ആഘാതം, മന്ത്രിസഭയിലെ ഭൂരിപക്ഷം കൊണ്ട് മറികടക്കുക എന്ന തന്ത്രമാണ് ഒടുവില്‍ വിജയം കണ്ടത്. 21 അംഗ മന്ത്രിസഭയില്‍ എട്ട് പേരാണ് കെ.സി പക്ഷത്തുനിന്നുള്ളത്.

കെ.സി പക്ഷത്തുനിന്ന് മന്ത്രിസഭയിലെത്തിയവര്‍:

സണ്ണി ജോസഫ്, എ.പി. അനില്‍കുമാര്‍, റോജി എം. ജോണ്‍, ഒ.ജെ ജനീഷ്, ടി. സിദ്ദിഖ്, പി.സി വിഷ്ണുനാഥ്, എം. ലിജു, ബിന്ദു കൃഷ്ണ.

വെട്ടിനിരത്തലുകളും സര്‍പ്രൈസ് എന്‍ട്രികളും

തുടക്കം മുതല്‍ സാധ്യത കല്‍പ്പിച്ചിരുന്ന ചാണ്ടി ഉമ്മന്‍ ഉള്‍പ്പെടെയുള്ളവര്‍ അവസാന നിമിഷം പട്ടികയില്‍ നിന്ന് പുറത്തായപ്പോള്‍, ഒ.ജെ ജനീഷും റോജി എം. ജോണും മന്ത്രിസ്ഥാനം ഉറപ്പിച്ചു. വി.ഡി സതീശനും രമേശ് ചെന്നിത്തലയും നിര്‍ദേശിച്ച പ്രമുഖരെ വെട്ടാന്‍ കെ.സി ക്യാമ്പ് കൃത്യമായ തന്ത്രങ്ങള്‍ മെനഞ്ഞു. ഷാനിമോള്‍ ഉസ്മാന്‍, വി.ടി ബല്‍റാം എന്നിവരെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കാന്‍ കെ.എ തുളസിയെ ഇറക്കിക്കൊണ്ടുള്ള ഒറ്റ നീക്കത്തിലൂടെ കെ.സി പക്ഷത്തിന് സാധിച്ചു. ഹൈക്കമാന്‍ഡിന്റെ ശക്തമായ ഇടപെടലിലൂടെ ടി. സിദ്ദിഖും സ്ഥാനം ഉറപ്പിച്ചതോടെ ക്യാബിനറ്റില്‍ കെ.സി വേണുഗോപാല്‍ ക്യാമ്പ് പൂര്‍ണ്ണമായി കരുത്തുറപ്പിച്ചു.

പുതിയ മന്ത്രിമാരും വകുപ്പുകളും

മുഖ്യമന്ത്രി ഉള്‍പ്പെടെ 21 അംഗങ്ങളാണ് പുതിയ മന്ത്രിസഭയിലുള്ളത്. ഘടകകക്ഷികളില്‍ അനൂപ് ജേക്കബും മാണി സി. കാപ്പനും ടേം വ്യവസ്ഥയിലാണ് മന്ത്രിമാരാകുന്നത്. ആദ്യ രണ്ടര വര്‍ഷം അനൂപ് ജേക്കബും, ശേഷിക്കുന്ന കാലയളവില്‍ മാണി സി. കാപ്പനും മന്ത്രിസ്ഥാനം വഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here