കെഎസ്ആർടിസി ബിസിനസ് ക്ലാസ് ബസ് എത്തുന്നു; വന്ദേഭാരത് മാതൃകയിൽ ആഡംബര സർവീസ്

0

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്ത ആഴ്ച മുതൽ സർവീസ് ആരംഭിക്കും. വന്ദേഭാരത് ട്രെയിനിന്റെ മാതൃകയിൽ ശുചിമുറി, ഭക്ഷണം, കഫെറ്റീരിയ, പാൻട്രി എന്നിവ ഉൾപ്പെടുത്തിയ ആഡംബര ബസുകളാണ് നിരത്തിലിറങ്ങുന്നത്.

ഏകദേശം രണ്ട് കോടി രൂപ വിലവരുന്ന രണ്ട് ബസുകളാണ് സർവീസ് നടത്തുക എന്നാണ് ലഭിക്കുന്ന വിവരം. എയർഹോസ്റ്റസ് മാതൃകയിൽ ‘ബസ് ഹോസ്റ്റസ്’ സംവിധാനവും ഉണ്ടായിരിക്കും.

പുലർച്ചെ 5.15ന് തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് ട്രെയിൻ പുറപ്പെട്ടതിന് പിന്നാലെ ബസ് കൊച്ചിയിലേക്ക് പുറപ്പെടും. അതേ സമയം എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും മറ്റൊരു ബസ് സർവീസ് നടത്തും. രാവിലെ 10ന് മുൻപ് എറണാകുളത്ത് എത്തുന്ന രീതിയിലാണ് സമയക്രമം.

മറ്റ് ബസുകളിൽ നിന്ന് വ്യത്യസ്തമായി പ്രത്യേക നിരക്കായിരിക്കും ഈ സർവീസിന്. ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾക്ക് പ്രത്യേകം പണം നൽകണം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടാൽ കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പുകൾ.

ടിക്കറ്റ് മുൻകൂർ റിസർവേഷൻ സൗകര്യവും ഉണ്ടായിരിക്കും. എല്ലാ യാത്രക്കാരും എറണാകുളത്തേക്കാണെങ്കിൽ കൊല്ലത്തും ആലപ്പുഴയിലും സ്റ്റോപ്പ് ഒഴിവാക്കാനും സാധ്യതയുണ്ട്.

തിരഞ്ഞെടുപ്പിന് മുൻപ് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ ബസിന്റെ പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും പെരുമാറ്റച്ചട്ടം കാരണം സർവീസ് ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ലഭിച്ചാൽ 22നോടെ സർവീസ് ആരംഭിക്കാനാണ് കെഎസ്ആർടിസിയുടെ പദ്ധതി.

LEAVE A REPLY

Please enter your comment!
Please enter your name here