പത്തനംതിട്ട: വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകാത്ത പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ ചുമത്തി വിവരാവകാശ കമ്മീഷൻ.
മുഖ്യ വിവരാവകാശ കമ്മീഷണർ വി ഹരി നായർ ആണ് പിഴ ചുമത്തിയത്. തിടനാട് പഞ്ചായത്ത് സെക്രട്ടറിയായ പി പി മണിയപ്പനാണ് പിഴ ചുമത്തിയത്. 10,000 രൂപയാണ് പിഴ.
മണിയപ്പൻ എരുമേലി പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ കഴിഞ്ഞ വർഷമാണ് സംഭവം ഉണ്ടായത്.
ഏപ്രിൽ 22ന് എരുമേലി സ്വദേശി പുത്തൻവീട്ടിൽ പി എച്ച് റഷീദ് തന്റെ കെട്ടിടത്തിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിരുന്നു. ഇതിന് മറുപടി ലഭിക്കാതെ വന്നതോടെയാണ് റഷീദ് വിവരാവകാശ കമ്മീഷനിൽ പരാതി നൽകിയത്.
ഇതിൽ കമ്മീഷൻ ഹിയറിങ് നടത്തുകയും മണിയപ്പനെ കുറ്റക്കാരനെന്ന് കണ്ടെത്തുകയുമായിരുന്നു. സ്ഥലംമാറ്റം ലഭിച്ചുപോയതിനാലാണ് മറുപടി നൽകാൻ കഴിയാതെയിരുന്നത് എന്നായിരുന്നു മണിയപ്പന്റെ വിശദീകരണം.
എന്നാൽ അതിന് മുൻപും മണിയപ്പന് മറുപടി നൽകാൻ അവസരം ഉണ്ടായിരുന്നുവെന്നും എന്നാൽ അത് ചെയ്തില്ലെന്നും കമ്മീഷൻ കണ്ടെത്തി.

