ആലപ്പുഴ: കേരളത്തിന്റെ പ്രശസ്ത ജലമഹോത്സവമായ നെഹ്റു ട്രോഫി വള്ളംകളി ഈ വർഷം ഓഗസ്റ്റ് 22ന് നടത്താൻ തീരുമാനമായി. ഓണത്തിന് മുൻപുള്ള ശനിയാഴ്ചയാണ് മത്സരം നടക്കുക. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.
2018 വരെ പതിവായി ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ചയായിരുന്നു വള്ളംകളി സംഘടിപ്പിച്ചിരുന്നത്. എന്നാൽ പിന്നീട് പ്രളയം അടക്കമുള്ള സാഹചര്യങ്ങൾ മൂലം തീയതി മാറ്റേണ്ടി വന്നിരുന്നു. കഴിഞ്ഞ വർഷം മുതൽ ഓണത്തിന് മുൻപുള്ള ശനിയാഴ്ച എന്ന രീതിയിലാണ് മത്സരം നടത്തുന്നത്.
ഇത്തവണത്തെ വള്ളംകളിയിലൂടെ ഏകദേശം ആറ് കോടി രൂപ വരുമാനം സമാഹരിക്കുകയാണ് സംഘാടകരുടെ ലക്ഷ്യം. ടൈറ്റിൽ സ്പോൺസറിൽ നിന്നു മാത്രം ഒരു കോടി രൂപ സമാഹരിക്കാനാണ് പദ്ധതി. കൂടാതെ 50 ലക്ഷം രൂപയുടെ രണ്ടാമത്തെ സ്പോൺസറെയും കണ്ടെത്തും.
കഴിഞ്ഞ വർഷം വള്ളംകളിയിലൂടെ 4.90 കോടി രൂപ വരുമാനം ലഭിച്ചിരുന്നു. വള്ളംകളിയുടെ നടത്തിപ്പിനേക്കാൾ കൂടുതൽ തുക ലഭിച്ചതോടെ നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ചരിത്രത്തിൽ ആദ്യമായി വിവിധ സഹായ പദ്ധതികൾ ആരംഭിക്കാനും തീരുമാനിച്ചിരുന്നു. ഇത്തവണയും ആ പദ്ധതികൾ തുടരാനാണ് യോഗത്തിൽ തീരുമാനമായത്.
കലക്ടർ അലക്സ് വർഗീസ്, ജില്ലാ പോലീസ് മേധാവി എം പി മോഹനചന്ദ്രൻ, ആലപ്പുഴ നഗരസഭാധ്യക്ഷ മോളി ജേക്കബ് എന്നിവരുള്‍പ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.
The Nehru Trophy Boat Race, one of Kerala’s most famous water festivals, will be held on August 22, 2026, at Punnamada Lake in Alappuzha. The decision was taken at the executive committee meeting of the Nehru Trophy Boat Race Society. The organizers aim to generate ₹6 crore in revenue this year through sponsorships and other sources. Last year, the event generated ₹4.9 crore, enabling the society to launch welfare initiatives for the first time.

