ഷാർജ: ജോലിസ്ഥലത്ത് ഉണ്ടായ വാക്കുതർക്കം കയ്യാങ്കളിയിലേക്കു വളർന്ന് മലയാളി യുവാവ് കൊല്ലപ്പെട്ടു. കോഴിക്കോട് താമരശേരി ചാലക്കര സ്വദേശിയായ നിഷാദ് ആണ് മരിച്ചത്.
സംഭവം ഇന്നലെ വൈകുന്നേരമാണ് നടന്നത്. ഷാർജയിലെ ഒരു ഭക്ഷണശാലയിൽ ജോലി ചെയ്തിരുന്ന നിഷാദിന് സഹപ്രവർത്തകനുമായുണ്ടായ വാക്കുതർക്കത്തിനിടെയാണ് ആക്രമണം ഉണ്ടായത്. തർക്കം കയ്യാങ്കളിയിലേക്കു നീങ്ങുന്നതിനിടെ നിഷാദിന് കുത്തേറ്റു.
ഗുരുതരമായി പരിക്കേറ്റ നിഷാദ് പിന്നീട് മരണപ്പെട്ടു. ഇതേ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഷമീർ എന്നയാളാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് കരുവമ്പൊയിൽ സ്വദേശിയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഏറെക്കാലമായി അതേ ഭക്ഷണശാലയിൽ ജോലി ചെയ്തുവരികയായിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

