കേരളം: തൃശൂർ ജില്ലയിലെ മുരിങ്ങൂരിന് സമീപം ദേശീയപാത നിർമ്മാണ ഭാഗത്ത് പാർശ്വഭിത്തിയിലെ കോൺക്രീറ്റ് സ്ലാബ് സർവീസ് റോഡിലേക്ക് ഇളകിവീണു. ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് സംഭവം. വാഹനങ്ങൾ കടന്നുപോകുന്ന സമയത്താണ് സ്ലാബ് വീണതെങ്കിലും അത്ഭുതകരമായി വലിയ അപകടം ഒഴിവായി.
ചാലക്കുടിയിലേക്കുള്ള ട്രാക്കിൽ മുരിങ്ങൂരിന് സമീപമാണ് സംഭവം. ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയ രീതികളാണ് ഇത്തരം അപകടങ്ങൾക്ക് കാരണമെന്ന ആരോപണം ഉയരുന്നു. മുമ്പ് ചിറങ്ങരയിൽ പലതവണ പാർശ്വഭിത്തി സർവീസ് റോഡിലേക്ക് വീണ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
മണ്ണിട്ട് റോഡ് ഉയർത്തുമ്പോൾ പാലിക്കേണ്ട ശാസ്ത്രീയ നിർമാണ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. പാർശ്വഭിത്തി തകർന്നാൽ അത് നീക്കം ചെയ്ത് വീണ്ടും ഘടിപ്പിക്കുന്നതിൽ മാത്രമാണ് നടപടികൾ ഒതുങ്ങുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.
സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കാതെയാണ് പലപ്പോഴും നിർമാണ പ്രവർത്തികൾ നടക്കുന്നത്. മുൻപ് സമാന സംഭവത്തിൽ ഒരു തൊഴിലാളിക്ക് പരിക്കേറ്റ സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
A massive concrete slab from a side wall collapsed onto the service road near Muringoor in Thrissur district, Kerala, during national highway construction. The incident occurred around 11 AM while vehicles were passing, but a major accident was narrowly avoided. Allegations of unscientific construction practices and lack of safety measures have been raised.

