റിപ്പോര്‍ട്ടര്‍ ടിവിയുടെ ബ്രോഡ്കാസ്റ്റ് ലൈസന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സാബു എം. ജേക്കബ് കേരള ഹൈക്കോടതിയിൽ റിറ്റ് ഹർജി സമർപ്പിച്ചു.

0


കൊച്ചി (24.02.2026): ബ്രോഡ്കാസ്റ്റ് ലൈസൻസ് ഇല്ലാതെ സാറ്റലൈറ്റ് ചാനൽ പ്രവർത്തിക്കുന്നുവെന്നാരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ പരാതിയിൽ നടപടി ഉണ്ടായില്ലെന്ന് ആരോപിച്ചാണ് ഹർജി.
ഹർജി ഫയലിൽ സ്വീകരിച്ച കോടതി, ചാനലിന്റെ ബ്രോഡ്കാസ്റ്റ് അനുമതിയുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
ഹർജിയിൽ കെ.ജെ. ജോസ്, മെൽബി ജോസ്, ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവർക്കെതിരെയും നടപടിയാവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ചാനൽ നടത്തിപ്പിന് ലൈസൻസ് നൽകിയിരിക്കുന്നത് ഇൻഡോ ഏഷ്യൻ ന്യൂസ് ചാനൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണെന്നും, അതിന്റെ ഡയറക്ടർമാരായ എം.വി. നികേഷ് കുമാർ, റാണി വർഗീസ് എന്നിവരെയും ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്.
കമ്പനിയുടെ ഓഹരി ഘടനയിൽ മാറ്റം വരുത്തി ചാനലിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ശ്രമങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചുവെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
2022 ലെ ബ്രോഡ്കാസ്റ്റ് മാർഗ്ഗനിർദേശങ്ങൾ ലംഘിച്ചാണ് പുതിയ കമ്പനി രൂപീകരിച്ച് ചാനൽ നിയന്ത്രണം കൈവശപ്പെടുത്തിയതെന്നാണ് പ്രധാന ആരോപണം.
കൂടാതെ, കിറ്റെക്‌സ് ഗാർമെന്റ്സ് ലിമിറ്റഡിനെയും സാബു എം. ജേക്കബിനെയും കുറിച്ച് വ്യാജ വാർത്തകൾ സംപ്രേഷണം ചെയ്തതിനെതിരെ പെരുമ്പാവൂർ സബ് കോടതിയിൽ നൽകിയ കേസിൽ ചാനലിന് നിരോധന ഉത്തരവും ലഭിച്ചിട്ടുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
അന്തിമ വിജയം വരെ നിയമ പോരാട്ടം തുടരുമെന്ന് സാബു എം. ജേക്കബ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here