രഞ്ജി ട്രോഫി: ഗോവയെ തകർത്ത് കേരളം

0

ഗോവ: രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബിയിലെ പോരാട്ടത്തിൽ ഗോവയ്‌ക്കെതിരെ 9 വിക്കറ്റിന്റെ ഗംഭീര ജയം നേടി കേരളം. നാലാം ദിനം 29 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സിനറങ്ങിയ കേരളം ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. നേരത്തെ 171 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഗോവ 199 റൺസിന് പുറത്തായിരുന്നു.

രണ്ട് ഇന്നിംഗ്‌സുകളിലായി ഒൻപത് വിക്കറ്റ് വീഴ്ത്തുകയും (6/115, 3/56) 36 റൺസ് നേടുകയും ചെയ്ത കേരളത്തിന്റെ അങ്കിത് ശർമ്മയാണ് കളിയിലെ താരം.

ഗോവ 355/10,199/10. കേരളം 526/9 ഡിക്ലയേഡ്,29/1

ഗോവയ്ക്ക് രണ്ടാം ഇന്നിംഗ്‌സിലും കാര്യമായ ചെറുത്തുനിൽപ്പ് നടത്താനായില്ല. 18/0 എന്ന നിലയിൽ അവസാന ദിവസം കളി തുടങ്ങിയ ഗോവയ്ക്ക് ആദ്യ പന്തിൽ തന്നെ ഓപ്പണർ സുയാഷ് പ്രഭുദേശായിയെ (14) നഷ്ടമായി. എം.ഡി നിധീഷിന്റെ പന്തിൽ മാനവ് കൃഷ്ണ ക്യാച്ചെടുത്തുന്നു. പിന്നാലെ കശ്യപ് ബക്ല (15), അഭിനവ് തേജ്രാന (17) എന്നിവരെയും നിധീഷ് തന്നെ മടക്കി. ക്യാപ്ടൻ സ്‌നേഹൽ കൗതങ്കർ (0) എൻ.പി. ബേസിലിന്റെ പന്തിൽ ക്ലീൻ ബൗൾഡായി.

ഇതോടെ 46/4എന്ന നിലയിലായ ഗോവയ്ക്ക് ലളിത് യാദവും (27) അമൂല്യ പാണ്ഡ്രേക്കറും (32) ചേർന്ന അഞ്ചാം വിക്കറ്റിലെ 44 റൺസിന്റെ കൂട്ടുകെട്ട് പ്രതീക്ഷ നൽകി. എന്നാൽ ഇരുവരെയും പുറത്താക്കി അങ്കിത് ശർമ്മ കളി വീണ്ടും കേരളത്തിന്റെ നിയന്ത്രണത്തിലാക്കി. ഒൻപതാം വിക്കറ്റിൽ ദർശൻ മിസലും (പുറത്തകാതെ 55) അർജുൻ ടെൻഡുൽക്കറും (24) ചേർന്നുള്ള 60 റൺസിന്റെ കൂട്ടുകെട്ടാണ് ഗോവയെ ഇന്നിംഗ്‌സ് തോൽവിയിൽ നിന്ന് രക്ഷിച്ചത്. അർജുനെ പുറത്താക്കി അങ്കിതാണ് ഈ കൂട്ടുകെട്ടിനും അവസാനമിട്ടത്. ദർശൻ മിസലിനെ പുറത്താക്കി നിധീഷ് അഞ്ച് വിക്കറ്റ് നേട്ടവും ഗോവൻ ഇന്നിംഗ്‌സിന്റെ അവസാനവും കുറിച്ചു. അങ്കിത് മൂന്നും ബേസിൽ, അഹമ്മദ് ഇമ്രാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

കുഞ്ഞൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കേരളത്തിന് വേണ്ടി അഭിഷേക് ജെ. നായരും സച്ചിൻ ബേബിയുമാണ് ഇന്നിംഗ്‌സ് തുറന്നത്. ഒരു റണ്ണെടുത്ത സച്ചിൻ തുടക്കത്തിലേ പുറത്തായി. എന്നാൽ അഭിഷേകും (19) സൽമാൻ നിസാറും (9) ചേർന്ന് കേരളത്തെ അനായാസം ലക്ഷ്യത്തിലെത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here