തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് അർഹമായത് ലഭിച്ചില്ലെന്ന വിമർശനങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. സംസ്ഥാനത്തിന് അനുവദിച്ച പല പദ്ധതികളും നടപ്പിലാക്കുന്നതിൽ കേരള സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിന്റെ പുരോഗതിക്കായി ഒരു ‘ഡബിൾ എൻജിൻ’ സർക്കാർ അനിവാര്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മുൻപ് പ്രഖ്യാപിച്ച പദ്ധതികൾ പോലും പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടില്ല. 2017-ൽ അനുവദിച്ച എയിംസിനായി ഇതുവരെ ഭൂമി ഏറ്റെടുക്കാൻ സാധിക്കാത്തത് ഇതിന് ഉദാഹരണമാണ്. പിഎം ആയുഷ്മാൻ ഭാരത്, പിഎം ആവാസ് യോജന, ജൽ ജീവൻ മിഷൻ തുടങ്ങിയ ജനക്ഷേമ പദ്ധതികൾ കേരളത്തിൽ വേണ്ട രീതിയിൽ നടപ്പിലാക്കുന്നില്ല. എന്തുകിട്ടി എന്നല്ല, കിട്ടിയവ എന്തുകൊണ്ട് നടപ്പിലാക്കുന്നില്ല എന്നാണ് ചോദിക്കേണ്ടത്. വീട് നിർമ്മാണം പോലും പൂർത്തിയാക്കാൻ കഴിയാത്തവർ എങ്ങനെയാണ് റെയിൽവേ വികസിപ്പിക്കുന്നത്?” എന്ന് അദ്ദേഹം ചോദിച്ചു.
അതിവേഗ റെയിൽവേയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് രൂക്ഷമായാണ് അദ്ദേഹം പ്രതികരിച്ചത്. മാധ്യമങ്ങൾ അജണ്ട നിശ്ചയിക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തവണത്തെ ബജറ്റിൽ കേരളം ഏറെ പ്രതീക്ഷിച്ചിരുന്ന എയിംസ്, അതിവേഗ റെയിൽ പാത എന്നിവയെക്കുറിച്ച് പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. എന്നാൽ തമിഴ്നാടിന് രണ്ട് റെയിൽ ഇടനാഴികൾ അനുവദിക്കുകയും ചെയ്തു. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിതുറന്നത്.
കേരളം, തമിഴ്നാട്, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി അപൂർവ്വ ധാതുക്കളുടെ ഖനനത്തിനും ഗവേഷണത്തിനുമായി പ്രത്യേക ഇടനാഴി. കേരളത്തിലും കർണാടകത്തിലുമായി കടലാമകളുടെ സംരക്ഷണത്തിന് പ്രത്യേക കേന്ദ്രങ്ങൾ.
സംസ്ഥാനങ്ങൾക്കുള്ള വിഹിതം വർദ്ധിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യം ധനമന്ത്രി അംഗീകരിച്ചിരുന്നില്ല. ഇതിനെതിരെ സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.

