ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെ കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സഹോദരിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയും. “പാർലമെൻ്റ് നൽകുന്ന വേദി ഉപയോഗിച്ച് ഞാൻ നാളെ സംസാരിക്കും “, എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വാക്കുകൾ. പ്രിയങ്കയും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പ്രതികരിക്കാതെയാണ് മടങ്ങിയത്.
അതേസമയം, മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റിൽ രാജ്യത്തിന്റെ ഗതാഗത മേഖലയ്ക്ക് വൻ കുതിപ്പേകുന്ന ഏഴ് പുതിയ അതിവേഗ റെയിൽ ഇടനാഴികൾ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. എന്നാൽ, കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റെയിൽവേ പദ്ധതികളൊന്നും തന്നെ ഈ പട്ടികയിൽ ഇടംപിടിച്ചില്ല. കേരളത്തിന്റെ വികസനത്തിന് അനിവാര്യമായ വേഗ റെയിൽ പദ്ധതികൾ പരിഗണിക്കപ്പെടാത്തത് സംസ്ഥാനത്തോടുള്ള അവഗണനയാണെന്ന ആക്ഷേപം ശക്തമാണ്.
റെയിൽവേയിൽ തഴയപ്പെട്ടെങ്കിലും, വ്യവസായ മേഖലയിൽ കേരളത്തിന് പ്രതീക്ഷ നൽകുന്ന ചില പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ധാതു ഇടനാഴി പദ്ധതി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ധാതു സമ്പുഷ്ടമായ ഈ സംസ്ഥാനങ്ങളിൽ ധാതു ഖനനം, സംസ്കരണം അടക്കം വർധിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷൻ്റെ ഭാഗമായുള്ള ഈ പദ്ധതിക്കായി നാൽപതിനായിരം കോടി രൂപയാണ് നീക്കിവെക്കുന്നത്.
തുടർച്ചയായ ഒൻപതാമത്തെ ബജറ്റാണ് നിർമ്മല സീതാരാമൻ ഞായറാഴ്ച അവതരിപ്പിച്ചത്. ബജറ്റ് അവതരണത്തിന് മുന്നോടിയായി നിർമല സീതാരാമൻ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ട് ബജറ്റ് അവതരണത്തിന് അനുമതി തേടി. രാഷ്ട്രപതി ഭവനിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെ രാഷ്ട്രപതി ദ്രൗപദി മുർമു നിർമല സീതാരാമന് മധുരം നൽകി ആശംസകൾ നേർന്നു. ഇതോടെയാണ് കേന്ദ്ര ബജറ്റ് അവതരണത്തിന്റെ ഔദ്യോഗിക നടപടികൾ പൂർത്തിയായത്.

