നടൻ വിനായകനെ അറിയാത്ത ആരാണുള്ളത്. മറ്റുള്ള നടന്മാരിൽ നിന്ന് വ്യത്യസ്തനാണ് താരമെന്ന് പറയേണ്ട കാര്യമില്ല. ഇപ്പോഴിതാ നടൻ വിനായകനൊപ്പമുള്ള ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് വിജയ് ബാബു. വളരെ നല്ല ആക്ടറാണ് വിനായകൻ എന്ന വിജയ് പറയുന്നു. അദ്ദേഹത്തിന്റെ പേഴ്സണൽ കാര്യങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല.
വളരെ പ്രൊഫഷണലാണ്. എന്ത് പ്രശ്നമുണ്ടെങ്കിലും പുള്ളി ഏഴ് മണി എന്ന് പറഞ്ഞാൽ ഏഴ് മണിക്ക് സെറ്റിലെത്തും. ക്യാരക്ടറിലേക്ക് കയറിക്കഴിഞ്ഞാൽ പുള്ളി വേറൊരു മനുഷ്യനാണ്. പുള്ളി തരുന്ന പെർഫോമൻസിന് സമാനതകളില്ല. സെറ്റിന് പുറത്തെ കാര്യങ്ങൾ നമ്മൾ നോക്കേണ്ടതില്ല.
എല്ലാ സിനിമയിലേതും പോലെ ക്രിയേറ്റീവായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. ചില കാര്യങ്ങൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ ആദ്യം മുന്നറിയിപ്പ് നൽകും. ഇനിയിങ്ങനെ ഉണ്ടാകരുതെന്ന് പറയും. പിന്നെ ഇറങ്ങിപ്പോകും. അനുനയിപ്പിക്കാൻ പാടാണ്. പക്ഷെ പുള്ളി സ്വയം അനുനയിച്ച് തിരിച്ച് വരുമെന്നും വിജയ് ബാബു പറയുന്നു. വിജയ് ബാബു നിർമ്മിക്കുന്ന ആട് ത്രീയിൽ വിനായകൻ പ്രധാന വേഷങ്ങളിലൊന്ന് ചെയ്യുന്നുണ്ട്.
മുമ്പൊരിക്കൽ സംവിധായകൻ എംഎ നിഷാദും വിനായകനെക്കുറിച്ച് സംസാരിച്ചിരുന്നു. വിനായകൻ നല്ലൊരു പെർഫോമറാണ്. ഒരു നടനെ അയാളുടെ പെർഫോമൻസ് കൊണ്ടാണ് വിലയിരുത്തേണ്ടത്. അയാളുടെ വ്യക്തിപരമായ കാര്യങ്ങളിലേക്ക് പോകേണ്ട എന്ന അഭിപ്രായം എനിക്കുണ്ട്. ജയിലർ എന്ന സിനിമയിൽ മറ്റാരേക്കാളും നന്നായി പെർഫോം ചെയ്തിരിക്കുന്നത് വിനായകനാണ്.
അതിനനുസരിച്ച പ്രതിഫലം പിന്നീടുള്ള സിനിമകളിൽ കിട്ടിയിട്ടുണ്ട്. പക്ഷെ അദ്ദേഹത്തോട് മാത്രം ചിറ്റമ്മ നയം ഉണ്ടോ എന്നെനിക്കറിയില്ല. വിനായകൻ പറയുന്നത് മാത്രം വിവാദമാകുന്നു. അതിനേക്കാൾ രൂക്ഷമായ ഭാഷയിൽ വിനായകനേക്കാൾ വലിയ നിലയിലുള്ളവർ പറയുന്നു. അതിനെ വെള്ള പൂശുകയും വിനായകനെ കറുപ്പടിക്കുകയും ചെയ്യുന്നത് ശരിയല്ലെന്നാണ് എംഎ നിഷാദ് പറഞ്ഞത്.
പല തവണ വിവാദങ്ങളിൽ അകപ്പെട്ട നടനാണ് വിനായകൻ. അപമര്യാദയോടെയുള്ള പെരുമാറ്റം, അസഭ്യം പറച്ചിൽ തുടങ്ങിയവയാണ് വിനായകനെതിരെ വരുന്ന പരാതികൾ. പല തവണ ഇത്തരം പ്രശ്നങ്ങൾ ഉണ്ടായി. അതേസമയം സിനിമാ രംഗത്ത് വിനായകന് സിനിമാ രംഗത്ത് നിന്നും വലിയ പിന്തുണയുണ്ട്. കളംകാവൽ ആണ് വിനായകന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മമ്മൂട്ടിക്കൊപ്പമാണ് ചിത്രത്തിൽ വിനായകൻ അഭിനയിച്ചത്.
അതേസമയം ജീവിതത്തിൽ തകർന്നിരിക്കുകയാണെന്ന് നടൻ വിനായകൻ തന്നെ ഒരിക്കൽ പറഞ്ഞിരുന്നു. എവിടെയും പോകാതെ വീട്ടിലിരിക്കുന്നതാണ് നല്ലതെന്നും മരണംവരെ തീരാത്ത അത്രയും കേസുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിനായകൻ.
എന്റെ റിയൽ ലൈഫ് പൊട്ടിയിരിക്കുകയാണ്. ഞാൻ ഇപ്പോൾ നൂറ് ശതമാനവും ആക്ടറാണ്. സെലിബ്രിറ്റിയാണ്. പബ്ലിക് ഫിഗറാണ്. പക്ഷേ പേഴ്സണലി ഞാൻ പൊട്ടിത്തകർന്നു. ഡീൽ ചെയ്യാൻ പറ്റുന്നില്ല. എന്റെ സ്വഭാവമാണെങ്കിൽ മാറിയിട്ടുമില്ല. ഞാൻ ജനിച്ചുവളർന്നുവന്ന അതേ സ്വഭാവത്തിൽ തന്നെ ഇരിക്കുന്നു. പക്ഷേ ജനം എന്നെ കാണുന്ന രീതി മാറി. അപ്പോൾ വീട്ടിലിരിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ പ്രശ്നങ്ങൾ ഉണ്ടാകും. എനിക്കുറപ്പാണ്. ഇപ്പോൾത്തന്നെ മരണംവരെ കേസുണ്ട്. അത്രയും കേസുണ്ട്. മാറിനിൽക്കണം. അല്ലെങ്കിൽ ഞാൻ മരിക്കേണ്ടിവരും. അല്ലെങ്കിൽ കേസ് ഇനിയും വന്നുകൊണ്ടിരിക്കും. മാറി നിൽക്കുകയെന്നല്ല, ഒതുങ്ങുക അത്രേയുള്ളൂ. റൂമിൽ ഇരിക്കുക, പുറത്തിറങ്ങാറില്ല.
അറുപത് വർഷത്തെ പ്ലാൻ സെറ്റാണ്. അമ്പത് വയസായി. ഏതാണ്ട് തീർന്നെന്നാണ് വിചാരിക്കുന്നത്. ഒരു പത്ത് കൊല്ലം കൂടി ഇനി ജീവിക്കണം. മതി. അറുപത് വയസാകുമ്പോൾ ഉണ്ടെങ്കിൽ ഞാനൊരു മ്യുസിഷ്യനായിരിക്കും. അതാണ് എനിക്ക് കൂടുതൽ ഇഷ്ടം. അഭിനയം ഭയങ്കര ഇഷ്ടമാണ്. പക്ഷേ എന്റെ ടാർഗറ്റ് മ്യുസിഷ്യനാകുകയെന്നതാണ്. ഞാൻ സംവിധാനം ചെയ്യുന്ന പടത്തിനുവേണ്ടി ചിലപ്പോൾ മ്യൂസിക് ചെയ്യുമായിരിക്കും. അല്ലാതെ മറ്റ് സിനിമയ്ക്കുവേണ്ടി മ്യൂസിക് ചെയ്യില്ല എന്നും വിനായകൻ പറഞ്ഞിരുന്നു.

