സച്ചിദാനന്ദന്റെ പരാമർശം തെറ്റായി വ്യാഖ്യാനിച്ചു; സച്ചിദാനന്ദനെ സന്ദർശിച്ച് സിപിഎം നേതാക്കൾ

0

തൃശൂര്‍: തുടര്‍ഭരണത്തെ കുറിച്ചുള്ള പരാമര്‍ശത്തിന് പിന്നാലെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍, കവിയും സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ സച്ചിദാനന്ദനെ സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചു. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍ എഴുത്തുകാരന്‍ അശോകന്‍ ചരുവിലിനൊപ്പമാണ് സച്ചിദാനന്ദന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയത്.

സച്ചിദാനന്ദന്‍ സെക്കുലര്‍ ചിന്താഗതിയുള്ള വിശാല ഇടതുപക്ഷക്കാരനാണെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം അബ്ദുള്‍ ഖാദര്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ പരാമര്‍ശം കേരളത്തിലെ അടുത്ത തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടതല്ലെന്നും, ഏകാധിപത്യവും ജനാധിപത്യവും സംബന്ധിച്ച പൊതുവായ ആശയ ചര്‍ച്ചയായിരുന്നു അതെന്നും അദ്ദേഹം വ്യക്തമാക്കി.

വാര്‍ത്തകളിലൂടെ തെറ്റായ ധാരണ പരന്നതായി ചൂണ്ടിക്കാട്ടി, നിലവിലെ ഇടതുമുന്നണി മാറണം എന്ന ഉദ്ദേശം സച്ചിദാനന്ദന് ഉണ്ടായിരുന്നില്ലെന്നും അബ്ദുള്‍ ഖാദര്‍ പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിന് അതീതമായി സ്വതന്ത്ര അഭിപ്രായം പറയാനുള്ള അവകാശം അദ്ദേഹത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഇടതുപക്ഷവും സെക്കുലര്‍ മൂവ്‌മെന്റുകളും എത്രത്തോളം പ്രസക്തമാണെന്നതിനെക്കുറിച്ചാണ് സച്ചിദാനന്ദന്‍ സംസാരിച്ചതെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. സമൂഹ വിഷയങ്ങളില്‍ സൃഷ്ടിപരമായി പ്രതികരിക്കുന്ന കവി, അധ്യാപകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് സച്ചിദാനന്ദനെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here