തൃപ്പൂണിത്തുറയിൽ അപ്രതീക്ഷിത ട്വിസ്റ്റ്; രമേശ് പിഷാരടി കോൺഗ്രസ് സ്ഥാനാർഥിയായേക്കും

0

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്. മുൻ മന്ത്രിയും സിറ്റിങ് എംഎൽഎയുമായ കെ.ബാബു താൻ മത്സരിക്കാനില്ലെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചു. ഇതോടെ പ്രശസ്ത ചലച്ചിത്ര താരം രമേശ് പിഷാരടിയെ രംഗത്തിറക്കാൻ കോൺഗ്രസ് നേതൃത്വം ഗൗരവമായി ആലോചിക്കുന്നു.

പിഷാരടിയുമായി കോൺഗ്രസ് നേതാക്കൾ ഇതിനോടകം പലതവണ ചർച്ചകൾ നടത്തിക്കഴിഞ്ഞു. പാർട്ടിയുടെ പ്രചാരണ പരിപാടികളിൽ സജീവമായ താരത്തിന് മണ്ഡലത്തിൽ സ്വീകാര്യത ലഭിക്കുമെന്നാണ് വിലയിരുത്തൽ. തൃപ്പൂണിത്തുറ നഗരസഭയിൽ ബിജെപി അധികാരം പിടിച്ച പശ്ചാത്തലത്തിൽ, നിയമസഭാ സീറ്റ് നിലനിർത്തുക എന്നത് കോൺഗ്രസിന് വലിയ വെല്ലുവിളിയും അഭിമാന പ്രശ്നവുമാണ്.

ജില്ലയിലെ സാമുദായിക സന്തുലിതാവസ്ഥ നിലനിർത്താൻ മറ്റ് സീറ്റുകളിൽ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. കെ.ബാബു മാറുന്ന സാഹചര്യത്തിൽ, ജില്ലയിൽ ഈഴവ സമുദായത്തിൽ നിന്നുള്ള ഒരാളെ സ്ഥാനാർഥിയാക്കേണ്ടതുണ്ട്. ഇതിനായി വൈപ്പിൻ സീറ്റാണ് കോൺഗ്രസ് പ്രധാനമായും പരിഗണിക്കുന്നത്.

കൊച്ചി ഡെപ്യൂട്ടി മേയറായ ദീപക് ജോയിക്കാണ് ഇവിടെ ഒന്നാം പരിഗണന. എന്നാൽ ജനപ്രതിനിധികൾ മത്സരിക്കേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചാൽ മുതിർന്ന നേതാവ് അജയ് തറയിലിന് നറുക്കുവീണേക്കാം.

ജില്ലയിലെ ഈ സ്ഥാനാർഥി നിർണ്ണയം പൂർത്തിയാകുന്നതോടെ തൃപ്പൂണിത്തുറയിൽ രമേശ് പിഷാരടിയുടെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here