പാട്ന: സ്കൂളിലെ റിപ്പബ്ലിക് ദിനാഘോഷത്തിനിടെ പാകിസ്ഥാൻ സ്ഥാപകൻ മുഹമ്മദലി ജിന്നയെ പ്രകീർത്തിച്ച് മുദ്രാവാക്യം വിളിച്ച അധ്യാപകൻ അറസ്റ്റിൽ. ബീഹാറിലാണ് സംഭവം. ബിഹാറിലെ സുപൗൾ ജില്ലയിലെ കിഷൻഗഞ്ച് ബ്ലോക്കിലുള്ള അഭുവാർ ഹൈസ്കൂളിലെ അധ്യാപകനായ മുഹമ്മദ് മൻസൂർ ആലം ആണ് അറസ്റ്റിലായത്. ഇയാൾ റിപ്പബ്ലിക് ദിനപരിപാടിക്കിടയിൽ ജിന്ന നീണാൾ വാഴട്ടെ എന്ന് മുദ്രാവാക്യം വിളിച്ചതായാണ് കേസ്.
സ്കൂൾ പ്രിൻസിപ്പൽ നൽകിയ പരാതിയെ തുടർന്ന് മുഹമ്മദ് മൻസൂർ ആലം എന്ന അധ്യാപകനെ അറസ്റ്റ് ചെയ്തതായി ജില്ലാ പൊലീസ് മേധാവി ആർ.എസ്. ശരത് അറിയിച്ചു. മുദ്രാവാക്യം വിളിക്കുന്ന വിഡിയോയും പ്രചരിച്ചു. പാകിസ്ഥാൻ സ്വർഗമാണെന്ന് അധ്യാപകൻ പറഞ്ഞതായി ഒരു വിദ്യാർത്ഥിയും വിഡിയോയിൽ പറയുന്നുണ്ട്.
അധ്യാപകനെതിരെ നിരവധി വിദ്യാർത്ഥികൾ മൊഴിനൽകിയിട്ടുണ്ട് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി മുഹമ്മദ് മൻസൂർ ആലം നിരവധി മുദ്രാവാക്യങ്ങൾ വിളിച്ചു. ആദ്യം മഹാത്മാഗാന്ധിയെ കുറിച്ചായിരുന്നു മുദ്രാവാക്യം. പിന്നീട് ജിന്നയെ പുകഴ്ത്തി. തുടർന്ന് ഭഗത്സിംഗിനെ കുറിച്ചും മുദ്രാവാക്യം മുഴക്കി.

