പത്തനംതിട്ട കോട്ടാങ്ങല്‍ ടിഞ്ചു കൊലക്കേസ്; പ്രതി നസീറിന് ജീവപര്യന്തം

0

പത്തനംതിട്ട: പത്തനംതിട്ട കോട്ടാങ്ങൽ ടിഞ്ചു മൈക്കിള്‍ കൊലക്കേസിൽ പ്രതി നസീറിന് ജീവപര്യന്തം. ബലാത്സംഗത്തിന് 10 വർഷവും, വീട്ടിൽ അതിക്രമിച്ചു കയറിയതിന് ഏഴുവർഷവുമാണ് ശിക്ഷ വിധിച്ചത്. ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.

2019 ഡിസംബർ 15നായിരുന്നു ക്രൂരമായ സംഭവം. തുടർന്ന് 20 മാസത്തിന് ശേഷം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഭർത്താവുമായി അകന്ന് സ്കൂൾ കാലത്തെ സുഹൃത്തിനൊപ്പം ടിഞ്ചു താമസിച്ചിരുന്ന സമയത്താണ് കൊലപാതകം നടന്നത്.

തടി വാങ്ങാനെന്ന പേരിൽ വീട്ടിലെത്തിയ നസീർ, വീട്ടിൽ മറ്റാരുമില്ലെന്നു മനസിലാക്കി യുവതിയെ ഉപദ്രവിക്കുകയായിരുന്നു. കട്ടിലിൽ തല ഇടിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം ക്രൂരമായി പീഡിപ്പിക്കുകയും പിന്നീട് മേൽക്കൂരയിലെ ഇരുമ്പ് കൊളുത്തിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

അതേസമയം, യുവതിയുടെ നഖത്തിനടിയിൽ നിന്ന് ലഭിച്ച തൊലി, ബീജം തുടങ്ങിയ ശാസ്ത്രീയ തെളിവുകൾ പ്രോസിക്യൂഷന് ശക്തമായ തെളിവുകളായി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ശരീരത്തിൽ 53 മുറിവുകൾ കണ്ടെത്തിയിരുന്നു.

ആദ്യഘട്ടത്തിൽ സംഭവം ആത്മഹത്യയെന്ന് കരുതിയ പൊലീസ് അന്വേഷണം, ടിഞ്ചുവിന്റെ സുഹൃത്ത് ടിജിന്റെ പരാതിയെത്തുടർന്ന് 2020 ഫെബ്രുവരിയിൽ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലൂടെയാണ് കൊലപാതകത്തിന്റെ സത്യാവസ്ഥ പുറത്തുവന്നത്. 2021 ഒക്ടോബറിലാണ് പ്രതിയെ കോട്ടാങ്ങൽ പുളിമൂട്ടിൽ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here