തിരുവനന്തപുരം: കണ്ണൂർ പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച പതിനേഴുകാരിയായ അയോണ മോൺസന്റെ കിഡ്‌നി അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. കണ്ണൂരിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലൂടെയാണ് വൃക്ക തലസ്ഥാനത്തെത്തിച്ചത്. രാവിലെ 10.42ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച അവയവം, പൊലീസിന്റെ സഹായത്തോടെയാണ് റോഡ് മാർഗം 11 മണിയോടെ മെഡിക്കൽ കോളജിൽ എത്തിച്ചത്. 27 വയസ്സുള്ള പാറശാല സ്വദേശിയായ യുവതിക്കാണ് അവയവം ലഭിക്കുക.
ആദ്യ ഘട്ടത്തിൽ ഹെലികോപ്റ്റർ വഴി അവയവം കൊണ്ടുവരാനായിരുന്നു തീരുമാനം. എന്നാൽ സാങ്കേതിക തടസ്സങ്ങൾ നേരിട്ടതിനെ തുടർന്ന് യാത്രാവിമാനത്തിലേക്ക് പദ്ധതി മാറ്റുകയായിരുന്നു. ഇതാദ്യമായാണ് കേരളത്തിൽ യാത്രാവിമാനത്തിലൂടെ അവയവം എത്തിക്കുന്നത് എന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ കെ-സോട്ടോ നോഡൽ ഓഫീസർ ഡോ. നോബിൾ അറിയിച്ചു. കണ്ണൂർ മെഡിക്കൽ കോളജിലെ ട്രാൻസ്പ്ലാന്റ് കോ-ഓർഡിനേറ്റർ നമിതയാണ് വൃക്കയുമായി വിമാനത്തിൽ തിരുവനന്തപുരത്തേക്ക് എത്തിയത്.
ചികിത്സയിൽ തുടരവേ കഴിഞ്ഞ രാത്രിയോടെയാണ് അയോണയ്ക്ക് മസ്തിഷ്കമരണം സ്ഥിരീകരിച്ചത്. തുടർന്ന് കുടുംബത്തിന്റെ സമ്മതത്തോടെ രണ്ട് വൃക്കകളും കരളും കോർണിയയും ദാനം ചെയ്യുകയായിരുന്നു. അയോണയുടെ അവയവങ്ങൾ നാല് രോഗികൾക്ക് പുതുജീവൻ നൽകി.
വൃക്കകളിൽ ഒന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മറ്റൊന്ന് കോഴിക്കോട് ആസ്റ്റർ മിംസിലേക്കുമാണ് കൈമാറിയത്. കരൾ കോഴിക്കോട് മെയ്ത്ര ആശുപത്രിയിലേക്കും കോർണിയ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്കുമാണ് നൽകിയത്.
സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അയോണയ്ക്ക് മരണം സംഭവിച്ചത്. സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാര്‍ഥിയാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ഇരുകാലിനും തലക്കും പരിക്കേറ്റ വിദ്യാര്‍ഥിനിയെ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയിരുന്നു. കുട്ടി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നായിരുന്നുവെന്ന് പ്രാഥമിക വിവരം.

