“എനിക്ക് ഇപ്പോൾ മരിക്കണ്ട പപ്പാ..!” മുങ്ങിത്താഴുന്നതിനിടെ അവസാന കോൾ; നോയിഡയിൽ ടെക്കി യുവാവിന് ദാരുണാന്ത്യം

0

നോയിഡ: കൊടുംമഞ്ഞിൽ കാർ നിയന്ത്രണം വിട്ട് ആഴമേറിയ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് 27-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർക്ക് ദാരുണാന്ത്യം. നോയിഡയിൽ ജോലി ചെയ്യുന്ന യുവരാജ് മെഹ്തയാണ് അപകടത്തിൽ മരിച്ചത്. വെള്ളിയാഴ്ച രാത്രി നോയിഡ സെക്ടർ 150-ൽ വെച്ചായിരുന്നു സംഭവം.

മഞ്ഞ് കാരണം കാഴ്ച തടസ്സപ്പെട്ടതിനെത്തുടർന്ന് യുവരാജ് സഞ്ചരിച്ചിരുന്ന കാർ റോഡരികിലെ മതിലിൽ ഇടിക്കുകയും, തുടർന്ന് സമീപത്തെ 70 അടിയോളം താഴ്ചയുള്ള വെള്ളക്കുഴിയിലേക്ക് പതിക്കുകയുമായിരുന്നു. വാഹനം മുങ്ങിക്കൊണ്ടിരിക്കെ യുവാവ് തന്റെ പിതാവിനെ ഫോണിൽ വിളിച്ച് സഹായത്തിനായി കേണപേക്ഷിച്ചു. “ഞാൻ വെള്ളത്തിൽ വീണു, എന്നെ രക്ഷിക്കൂ പപ്പാ, എനിക്ക് മരിക്കാൻ ആഗ്രഹമില്ല” എന്നതായിരുന്നു ആ യുവാവിന്റെ അവസാന വാക്കുകൾ.

മകന്റെ വിളി വന്നയുടൻ പിതാവ് പോലീസിനെയും രക്ഷാപ്രവർത്തകരെയും വിവരമറിയിച്ചു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കാർ അതിവേഗം ആഴങ്ങളിലേക്ക് താഴ്ന്നുപോയി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പുലർച്ചെയോടെയാണ് ദുരന്തനിവാരണ സേനയും മുങ്ങൽ വിദഗ്ധരും ചേർന്ന് കാർ പുറത്തെടുത്തത്. അപ്പോഴേക്കും യുവരാജ് മരണപ്പെട്ടിരുന്നു. മകനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിഫലമാകുന്നത് നോക്കി നിൽക്കാനേ പിതാവ് രാജ്കുമാറിന് സാധിച്ചുള്ളൂ.

അപകടത്തിന് കാരണം അധികൃതരുടെ അനാസ്ഥയാണെന്ന് യുവരാജിന്റെ കുടുംബം ആരോപിക്കുന്നു. റോഡരികിലെ മതിലിൽ റിഫ്ലക്ടറുകൾ ഉണ്ടായിരുന്നില്ല. കനത്ത മഞ്ഞുള്ള സമയത്ത് കൃത്യമായ മുന്നറിയിപ്പുകളോ സുരക്ഷാ സംവിധാനങ്ങളോ അവിടെ ഒരുക്കിയിരുന്നില്ല. സംഭവത്തിൽ കുടുംബം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here