കൊച്ചി: സിനിമ, ടെലിവിഷൻ, മാധ്യമ, പരസ്യ മേഖലയിലെ കൂട്ടായ്മയായ സെലിബ്രിറ്റി ക്രിക്കറ്റേഴ്സ് ഫ്രറ്റേണിറ്റി (സി.സി.എഫ്) സംഘടിപ്പിക്കുന്ന ക്രിക്കറ്റ് മാമാങ്കമായ സി.സി.എഫ് പ്രീമിയൽ ലീഗ് രണ്ടാം പതിപ്പിന് ഔദ്യോഗികമായി തിരശീല ഉയർന്നു. എറണാകുളം താജ് ഗേറ്റ്‍വേയിൽ നടന്ന താരനിബിഡമായ ചടങ്ങിൽ സി.സി.എഫ് ഭാരവാഹികളും സെലിബ്രിറ്റി ടീം ഉടമകളും ബ്രാൻഡ് അംബാസിഡർമാരും ചേർന്നാണ് സീസൺ 2 ലോഞ്ച് ചെയ്തത്.
സി.സി.എഫ് അവതരിപ്പിക്കുന്ന പുതിയ ക്രിക്കറ്റ് ഫോർമാറ്റായ സി.സി.എഫ് 100 എക്‌സ് ചടങ്ങിൽ ഔദ്യോഗികമായി അവതരിപ്പിച്ചു. മത്സരങ്ങൾ കൂടുതൽ ആവേശകരവും ത്രസിപ്പിക്കുന്നതുമാക്കുന്നതാണ് പുതിയ ഫോർമാറ്റെന്ന് സി.സി.എഫ് പ്രസിഡന്റ് അനിൽ തോമസ്, സെക്രട്ടറി ശ്യാംധർ, ട്രഷറർ സുധീപ് കാരാട്ട് എന്നിവർ പറഞ്ഞു. ഒരു ഓവറിൽ അഞ്ച് പന്തുകളുള്ള ഈ ഫോർമാറ്റിൽ ബാറ്റ് ചെയ്യുന്ന ടീമിനും ബൗൾ ചെയ്യുന്ന ടീമിനും പോയിന്റുകളും റൺസുകളും ലഭിക്കുന്ന രീതിയിലാണ് മത്സരം. കെ.സി.എൽ ടീമായ കേരള സ്‌ട്രൈക്കേഴ്‌സിന്റെ സിഇഒ ബിന്ദു ദിജേന്ദ്രനാഥ് പുതിയ ഫോർമാറ്റ് ലോഞ്ച് ചെയ്തു.
പുതുതായി ഉൾപ്പെടുത്തിയ രണ്ട് ടീമുകൾ ഉൾപ്പെടെ 14 ടീമുകൾ ഇത്തവണ ടൂർണമെന്റിൽ മാറ്റുരയ്ക്കും. ടീമുകളുടെ ഔദ്യോഗിക അവതരണവും ചടങ്ങിൽ നടന്നു. താരലേലത്തിൽ ഈഗിൾ എമ്പയേഴ്സിന്റെ അരുണ്‍ മാഞ്ഞാലി, ഗോറില്ല ഗ്ലൈഡേഴ്സിന്റെ നോയൽ ബെൻ എന്നിവരെ വൻ തുകയ്ക്കാണ് ടീമുകൾ സ്വന്തമാക്കിയത്.
ഉണ്ണി മുകുന്ദൻ (സീഹോഴ്‌സ് സെയ്‌ലേഴ്‌സ്), ജോണി ആന്റണി (കങ്കാരു നോക്കേഴ്‌സ്), സുരാജ് വെഞ്ഞാറമ്മൂട് (വൈപ്പർ വിക്ടേഴ്‌സ്), കലാഭവൻ ഷാജോൺ (ഡോൾ ഡൈനാമോസ്), ധ്യാൻ ശ്രീനിവാസൻ (ലയൺ ലെജൻഡ്സ്), അഖിൽ മാരാർ (ഫീനിക്‌സ് പാന്തേഴ്‌സ്), ആന്റണി പെപ്പെ (റിനോ റേഞ്ചേഴ്‌സ്), മധു ബാലകൃഷ്ണൻ (ടാർഗേറിയൻ ടേൺസ്), വിഷ്ണു ഉണ്ണികൃഷ്ണൻ (ചീറ്റ ചേഴ്‌സേസ്), സിജു വിൽസൺ (ഈഗിൾ എമ്പയേഴ്സ്), നരേൻ (ഫോക്സ് ഫൈറ്റേഴ്‌സ്), സണ്ണി വെയ്ന്‍ (ഗോറില്ല ഗ്ലൈഡേഴ്സ്), ലൂക്ക്മാൻ അവറാൻ (ഹിപ്പോ ഹിറ്റേഴ്സ്), ചന്തു സലീംകുമാർ (സീബ്ര സീൽസ്) എന്നിവരാണ് ടീമുകളുടെ സെലിബ്രിറ്റി ഉടമകൾ.
മഹിമ നമ്പ്യാർ, അന്ന രാജൻ, മാളവിക മേനോൻ, ആൻസിബ ഹസൻ, അനഘ നാരായണൻ, മേഘാ തോമസ്, ശോഭ വിശ്വനാഥ്, സെറീന അന്ന ജോൺസൺ, ഡയാന ഹമീദ്, അനുമോൾ, റിതു മന്ത്ര, ആൽഫി പഞ്ഞിക്കാരൻ, അതിഥി രവി, സിജാ റോസ് എന്നിവർ ബ്രാൻഡ് അംബാസിഡർമാരാണ്.
ഫെബ്രുവരി 4 മുതൽ 15 വരെ കാക്കനാട് രാജഗിരി കോളജ് ഗ്രൗണ്ടിലാണ് സി.സി.എഫ് പ്രീമിയൽ ലീഗ് മത്സരങ്ങൾ നടക്കുക.

