ലോകപ്രശസ്തമായ കമൽജ ദേവി ക്ഷേത്രത്തിന്റെ ശ്രീകോവിൽ വരെ വെള്ളത്തിനടിയിലായി; ലോണാ‌ർ തടാകത്തിൽ അപ്രതീക്ഷിത മാറ്റങ്ങൾ! ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു

0

മുംബൈ: മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലെ ലോകപ്രശസ്തമായ ലോണാർ തടാകത്തിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. ജലനിരപ്പ് ഉയരുന്നത് തടാകത്തിന്റെ ജൈവവൈവിധ്യത്തിന് ഉയർത്തുന്ന ഭീഷണി ഗൗരവമായി കണക്കിലെടുത്തുകൊണ്ട്, ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് ഒരു പൊതുതാൽപ്പര്യ ഹർജി (പിഐഎൽ) രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടു.

കഴിഞ്ഞ സെപ്റ്റംബർ മുതൽ ജലനിരപ്പിൽ വർദ്ധനവ് കാണപ്പെടുന്നു. തടാകത്തിന് ചുറ്റുമുള്ള നാല് പ്രധാന വറ്റാത്ത നീരുറവകളിൽ നിന്നുള്ള തുടർച്ചയായ നീരൊഴുക്ക് ജലനിരപ്പ് ഏകദേശം 15 മുതൽ 20 അടി വരെ ഉയർത്തിയതായി വിശ്വസിക്കപ്പെടുന്നു. ഇതേതുടർന്ന് തീരങ്ങളിലുള്ള നിരവധി പുരാതന ശിവക്ഷേത്രങ്ങൾ വെള്ളത്തിനടിയിലായി.

ലോകപ്രശസ്തമായ കമൽജ ദേവി ക്ഷേത്രത്തിന്റെ ശ്രീകോവിലും വെള്ളത്തിനടിയിലായി. മുമ്പ് കാണാമായിരുന്ന ക്ഷേത്രത്തിന് മുന്നിലുള്ള ദീപസ്തംഭം ഇപ്പോൾ പകുതി വെള്ളത്തിനടിയിലാണ്. ഇത് സങ്കീർണമാക്കുമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.

ലോണാർ ഉപ്പുവെള്ള തടാകാമാണെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.കഴിഞ്ഞ മൂന്ന്-നാല് മാസങ്ങളായി നീരുറവകളിൽ നിന്നുള്ള ശുദ്ധജലം തുടർച്ചയായി കലരുന്നത് അതിന്റെ ലവണാംശത്തെ ഭീഷണിപ്പെടുത്തുമെന്നും പരിസ്ഥിതി പ്രവ‌ർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടയിൽ തടാകത്തിൽ മത്സ്യങ്ങളെ കാണാനും തുടങ്ങിയിട്ടുണ്ട്. ഇത് ഉപ്പുവെള്ള തടാകത്തിന്റെ സ്വാഭാവിക പാരിസ്ഥിതിക ഘടനയ്ക്ക് ഹാനികരമാകാമെന്നാണ് വിലയിരുത്തൽ.

ജസ്റ്റിസ് അനിൽ കിലോർ, ജസ്റ്റിസ് രാജ് വകോഡ് എന്നിവരടങ്ങിയ ബെഞ്ച് അഭിഭാഷകൻ മോഹിത് ഖജാഞ്ചിയെ ‘അമിക്കസ് ക്യൂറി’ (കോടതിയുടെ സുഹൃത്ത്) ആയി നിയമിക്കുകയും അടുത്ത ഏഴ് ദിവസത്തിനുള്ളിൽ വിശദമായ പൊതുതാൽപര്യ ഹർജി സമർപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. സർക്കാർ ഉത്തരവുകളെ തുടർന്ന് ഛത്രപതി സംഭാജിനഗറിൽ നിന്നുള്ള ഭൂഗർഭജല വിദഗ്ദ്ധൻ പ്രൊഫസർ അശോക് തേജങ്കറും തഹസിൽദാർ ഭൂഷൺ പാട്ടീലും തടാകം പരിശോധിച്ചു. ജലനിരപ്പ് ഉയരുന്നതിനുള്ള കൃത്യമായ ശാസ്ത്രീയ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കൂടാതെ ആഴത്തിലുള്ള ഗവേഷണത്തിന്റെ ആവശ്യകത വിദഗ്ദ്ധർ വ്യക്തമാക്കിയിട്ടുണ്ട്.

ഒരു ഉൽക്കാശിലയുടെ ആഘാതത്താൽ സൃഷ്ടിക്കപ്പെട്ട ലോണാർ തടാകം, ലോകമെമ്പാടുമുള്ള പണ്ഡിതന്മാരെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്ന ശാസ്ത്ര ഗവേഷണത്തിന് ആഗോളതലത്തിൽ പ്രാധാന്യമുള്ളതാണ്. ഈ പ്രകൃതിദത്ത പൈതൃകം സംരക്ഷിക്കുന്നതിനുള്ള ഹൈക്കോടതിയുടെ ഉറച്ച നിലപാട് പരിസ്ഥിതി സ്നേഹികൾ പരക്കെ സ്വാഗതം ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here