പിൻബെഞ്ചുകാർ ഇല്ലാത്ത ക്ലാസ്സ്മുറികൾ, ഭാരമില്ലാത്ത സ്കൂൾ ബാഗുകൾ; വിദ്യാഭ്യാസ മേഖലയിൽ വൻ മാറ്റങ്ങളുമായി സർക്കാർ

0

പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങി കേരള സർക്കാർ. കുട്ടികളുടെ സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനും ക്ലാസ് മുറികളിലെ ‘ബാക്ക് ബെഞ്ചർ’ എന്ന വേർതിരിവ് ഒഴിവാക്കുന്നതിനുമുള്ള നിർണായക തീരുമാനങ്ങൾ സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകരിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

കുട്ടികളുടെ ശാരീരിക ആരോഗ്യം സംരക്ഷിക്കുന്നതിനായി പാഠപുസ്തകങ്ങളുടെയും മറ്റും ഭാരം ശാസ്ത്രീയമായി ക്രമീകരിക്കും. എല്ലാവർക്കും തുല്യ പരിഗണന ഉറപ്പാക്കുന്ന രീതിയിൽ ഇരിപ്പിട ക്രമീകരണത്തിൽ മാറ്റം വരുത്തും. ആരും പഠനത്തിൽ പിന്നിലല്ലെന്ന ബോധ്യം കുട്ടികളിൽ വളർത്തുകയാണ് ഇതിന്റെ ലക്ഷ്യം. വിദ്യാലയങ്ങളെ കൂടുതൽ ശിശുസൗഹൃദമാക്കാനും ജനാധിപത്യപരമായ അന്തരീക്ഷം ഒരുക്കാനും പദ്ധതി സഹായിക്കും. എസ്‌സിഇആർടി (SCERT) തയ്യാറാക്കിയ കരട് റിപ്പോർട്ടിന്മേൽ പൊതുസമൂഹത്തിന്റെ നിർദ്ദേശങ്ങൾ സർക്കാർ തേടിയിട്ടുണ്ട്. റിപ്പോർട്ട് എസ്‌സിഇആർടി വെബ്‌സൈറ്റിൽ ലഭ്യമാണ്. അധ്യാപകർക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ജനുവരി 20 വരെ തങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാവുന്നതാണ്.

ലഭിക്കുന്ന നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് വരാനിരിക്കുന്ന അധ്യയന വർഷം മുതൽ തന്നെ ഈ പുതിയ മാറ്റങ്ങൾ പ്രായോഗികമാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here