കൊച്ചി: മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു. 90 വയസായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ നടക്കും.
മോഹന്‍ലാലിന്റെ ചാരിറ്റി സംഘടനയായ വിശ്വശാന്തി ഫൗണ്ടേഷന്‍, അമ്മയുടെയും അച്ഛന്റെയും പേരുകള്‍ ചേര്‍ത്തുകൊണ്ടുള്ളതാണ്. പ്യാരിലാല്‍, മോഹന്‍ലാല്‍ എന്നിവരാണ് വിശ്വനാഥന്‍-ശാന്തകുമാരി ദമ്പതികളുടെ മക്കള്‍. പൊതുസദസുകളിലും മോഹന്‍ലാല്‍ എപ്പോഴും അമ്മയെക്കുറിച്ച് പറയാറുണ്ട്. അതുകൊണ്ട് തന്നെ മലയാളികള്‍ക്ക് സുപരിചിതയാണ് ശാന്തകുമാരി അമ്മ.
ദാദാ സാഹെബ് പുരസ്‌കാരം ലഭിച്ച വിവരം അറിഞ്ഞ ശേഷം കൊച്ചിയിലെത്തിയ ലാല്‍ ആദ്യം കണ്ടത് അമ്മയെയായിരുന്നു. ‘അമ്മയുടെ അടുത്തേക്കാണ് ആദ്യം പോയത്. അതങ്ങനെ തന്നെയല്ലേ വേണ്ടത്. ഈ നേട്ടം കാണാന്‍ അമ്മയ്ക്ക് ഭാഗ്യം ഉണ്ടായി, അമ്മയ്‌ക്കൊപ്പം ഈ നേട്ടം പങ്കുവയ്ക്കാന്‍ തനിക്കും ഭാഗ്യം ഉണ്ടായി എന്നായിരുന്നു ലാലിന്റെ പ്രതികരണം. അമ്മ സുഖമില്ലാതിരിക്കുന്ന സമയമാണ്, പക്ഷേ അമ്മയ്ക്ക് എല്ലാം മനസിലാവും, സംസാരിക്കാന്‍ കുറച്ച് പ്രയാസമുണ്ട്. എങ്കിലും തനിക്ക് കേട്ടാല്‍ മനസിലാവും. തന്നെ അനുഗ്രഹിച്ചു. ആ അനുഗ്രഹം തനിക്കൊപ്പമുണ്ട് എന്നാണ് അമ്മയെ കണ്ട ശേഷം മോഹന്‍ലാല്‍ പറഞ്ഞത്.

