പത്തനംതിട്ട: ശബരിമല തീർത്ഥാടന പാതയിൽ പമ്പയ്ക്ക് സമീപം രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായി. 30-ൽ അധികം പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ചക്കുപാലത്തിനടുത്ത് വെച്ചാണ് അപകടമുണ്ടായത്. കൂട്ടിയിടിയിൽ ഒരു കെഎസ്ആർടിസി ബസിന്റെ ഒരു വശം പൂർണ്ണമായി തകർന്നു. ചെങ്ങന്നൂരിൽ നിന്നും പമ്പയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും നിലയ്ക്കലിലേക്ക് വന്ന മറ്റൊരു ബസുമാണ് അപകടത്തിൽപ്പെട്ടത്.
ഒരു ബസിൽ 48 പേരും, രണ്ടാമത്തെ ബസിൽ 45 പേരുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരിൽ ശബരിമല തീർത്ഥാടകരും ഉൾപ്പെടുന്നു. അപകടം നടന്നത് ഉച്ചസമയത്തായതിനാൽ ഡ്യൂട്ടി മാറാനെത്തിയ കെഎസ്ആർടിസി ജീവനക്കാരും ബസുകളിൽ ഉണ്ടായിരുന്നു.
പരിക്കേറ്റ 30 പേരിൽ, പത്ത് വയസുള്ള ഒരു കുട്ടിയുൾപ്പെടെ 9 പേരെയാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബാക്കിയുള്ളവരെ പമ്പയിലെയും നിലയ്ക്കലിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

