ഇസ്രായേൽ-പലസ്തീൻ സംഘർഷം; ആഗോള ക്രൈസ്തവ ഐക്യത്തിന് ആഹ്വാനം ചെയ്ത് മാർപ്പാപ്പ

0

ബെയ്റൂട്ട്: ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിന് പ്രശ്ന പരിഹാരം ഉണ്ടാകണമെങ്കിൽ ദ്വിരാഷ്ട്ര പ്രമേയം വേണമെന്ന് ലിയോ പതിനാലാമൻ മാർപ്പാപ്പ. ഇരുവിഭാഗത്തിനും നീതി ഉറപ്പാക്കാൻ കഴിയുന്ന ഒരേയൊരു പരിഹാരം അതാണെന്ന് മാർപ്പാപ്പ ഊന്നിപ്പറഞ്ഞു. കൂടാതെ ആഗോള ക്രൈസ്തവ ഐക്യത്തിന് മാർപ്പാപ്പ ആഹ്വാനം ചെയ്തു. ഞായറാഴ്ച തുർക്കിയേയിൽ നിന്ന് ലെബനനിലേക്ക് പറന്നപ്പോഴാണ് ലിയോ ഈ പരാമർശങ്ങൾ നടത്തിയത്.

സഭകൾക്കിടയിലെ തെറ്റുകുറ്റങ്ങളും വീഴ്ചകളും മറക്കാനും സമാധാനത്തിനായി ഒന്നിച്ച് നിൽക്കാനുമാണ് ആഹ്വാനം. സഭയ്ക്കുള്ളിലുണ്ടാകേണ്ട ഐക്യത്തെ പറ്റിയും സഭയും ഇതര സഭകളും തമ്മിലുണ്ടാകേണ്ട ഐക്യത്തെ പറ്റിയും ക്രൈസ്തവരും ഇതര മതങ്ങളും തമ്മിലുണ്ടാകേണ്ട ഐക്യത്തെ പറ്റിയും മാർപ്പാപ്പ തുർക്കി, ലെബനൻ യാത്രയിലുടനീളം സംസാരിച്ചു. സഭയും ഇതര സഭകളും തമ്മിൽ ഐക്യമുണ്ടാവണമെന്നും പരസ്പരം ഭ്രഷ്ട് കൽപ്പിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും മാർപ്പാപ്പ ഊന്നിപ്പറഞ്ഞു.

തുർക്കിയിലെ മുസ്ലിം ദേവാലയത്തിൽ മാർപ്പാപ്പ സന്ദർശനം നടത്തി. അക്രമത്തെ ന്യായീകരിക്കാൻ പോലും മതത്തെ ഉപയോഗിക്കുന്ന കാലത്ത് യഥാർത്ഥ മതവിശ്വാസികൾ തമ്മിൽ സാഹോദര്യമുണ്ടാകണമെന്ന് മാർപ്പാപ്പ എടുത്തു പറഞ്ഞു. ലെബനോനിലേക്ക് പോകുമ്പോൾ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം വിശദമായ മറുപടി നൽകി. ഇസ്രയേൽ – പലസ്തീൻ സംഘർഷത്തെ കുറിച്ച് ചോദിച്ചപ്പോൾ രണ്ട് രാജ്യങ്ങളുണ്ടാവുക എന്നത് മാത്രമാണ് ഏക പരിഹാരമെന്നാണ് സഭയുടെ എക്കാലത്തെയും നിലപാടെന്ന് അദ്ദേഹം പറഞ്ഞു- “ഇപ്പോഴും ഇസ്രയേൽ ആ പരിഹാരം അംഗീകരിക്കുന്നില്ലെന്ന് നമുക്കെല്ലാവർക്കും അറിയാം. പക്ഷേ അതാണ് ഒരേയൊരു പരിഹാരമെന്ന് ഞങ്ങൾ കരുതുന്നു”

അതേസമയം ഇന്നലെ അതിർത്തി കടന്നെന്നാരോപിച്ച് കൊച്ചുകുട്ടികളടക്കമുള്ളവരെ ഇസ്രായേൽ സൈന്യം കൊന്നൊടുക്കി. ഗസ്സ വെടിനിർത്തലിൽ തീരുമാനിക്കപ്പെട്ട അതിർത്തി കടന്നെന്നാണ് ആരോപണം. സഹോദരങ്ങളായ രണ്ട് കുട്ടികളടക്കം മൂന്ന് ഫലസ്തീനികളെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്. ഖാൻ യൂനിസിന്റെ പ്രാന്തപ്രദേശത്തുള്ള ബനി സുഹൈലയിലാണ് ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) ക്രൂര കൊലപാതകം നടത്തിയത്. 11കാരൻ ജുമാ, എട്ടു വയസ്സുകാരൻ ഫാദി അബു ആസി എന്നിവരാണ് കൊല്ലപ്പെട്ട സഹോദരങ്ങളെന്ന് തിരിച്ചറിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here