ദില്ലി: മുതിർന്ന വനിതകൾക്കും വയോധികർക്കും ലോവർ ബർത്ത് മുൻഗണന നൽകാനുള്ള സുപ്രധാന തീരുമാനവമായി ഇന്ത്യൻ റെയില്‍വേ.ടിക്കറ്റെടുക്കുമ്പോൾ ഓപ്ഷൻ നൽകിയിട്ടില്ലെങ്കിലും മുതിർന്ന വനിതകൾക്കും വയോധികർക്കും ലോവർ ബർത്ത് നൽകാനാണ് തീരുമാനം.ഗർഭിണികൾക്കും ഈ ആനുകൂല്യം ലഭിക്കും.
സ്ലീപ്പർ ക്ലാസിൽ ഏഴുവരെ ബർത്തുകളും, തേഡ് എസിയിൽ അഞ്ചുവരെ ബർത്തുകളും, സെക്കൻഡ് എസിയിൽ നാല് വരെ ബർത്തുകളും മുൻഗണനാക്രമത്തിൽ നൽകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയെ രേഖാമൂലം അറിയിച്ചു.
അതേസമയം, ഭൂരിഭാഗം മെയിൽ/എക്സപ്രസ് ട്രെയിനുകളിലും ഭിന്നശേഷിക്കാർക്ക് പ്രത്യേക കംപാർട്ടുമെന്റുകൾ അനുവദിക്കും. വന്ദേഭാരത് ട്രെയിനുകളിൽ ആദ്യത്തെയും അവസാനത്തെയും കോച്ചുകളിൽ വീൽ ചെയർ സൗകര്യവും, ഭിന്നശേഷി സൗഹൃദ ശുചിമുറികളും ഒരുക്കും എന്നും മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

