ബംഗീ ജംപിങിനിടെ കയർ പൊട്ടി താഴെ വീണു; 23 വയസുകാരന് നെഞ്ചിലടക്കം ഗുരുതര പരിക്ക്; സംഭവം റിഷികേശിലെ അഡ്വഞ്ചർ പാർക്കിൽ

0

ഡൽഹി: ബംഗീ ജംപിങിനിടെ കയർ പൊട്ടി 35 മീറ്ററോളം താഴേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്. ഗുഡ്‌ഗാവ് സ്വദേശിയായ സോനു എന്ന 23 വയസുകാരനാണ് അപകടത്തിൽ പരിക്കേറ്റത്. റിഷികേശിലെ ശിവപുരി ത്രിൽ ഫാക്‌ടറി എന്ന അഡ്വഞ്ചർ പാർക്കിൽ ആയിരുന്നു സംഭവം. ബുധനാഴ്ചയാണ് ബംഗീ ജംപിങ് നടത്തുന്നതിനിടെ കയർ പൊട്ടി സോനു 35 മീറ്ററോളം താഴേക്ക് പതിച്ചത്.

അപകടത്തെത്തുടർന്ന് യുവാവിനെ റിഷികേശിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിലടക്കം ഗുരുതരമായി പരിക്കേറ്റ സോനുവിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും യുവാവ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നുമാണ് ആശുപത്രി അധികൃതർ വ്യക്തമാകുന്നത്. അപകടത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

എന്നാൽ അപകടവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അതിനാൽ എഫ്ഐആർ രജിസ്റ്റർ ചെയ്തില്ലെന്നും ആണ് പോലീസ് അറിയിച്ചത്. ഉത്തരാഖണ്ഡിലെ തെഹ്റി ഗർവാളിലെ മുനി കി റേടി പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടമുണ്ടായത്. എങ്ങനെയാണ് ഇത്തരമൊരു അപകടമുണ്ടായതെന്ന് കണ്ടെത്താനായി ടെക്നിക്കൽ ടീമിനെ ചുമത്തപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here