തൃശൂർ: സംസ്ഥാന ടൂറിസം വകുപ്പിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്ത്. തൃശൂരിലെ പുലികളിക്ക് ധനസഹായം നൽകാൻ വൈകിയത് ടൂറിസം വകുപ്പിന്റെ അനാസ്ഥയെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. പുലികളി സംഘങ്ങളുടെ ചെലവ് കണക്ക് സംസ്ഥാന ടൂറിസം വകുപ്പ് നൽകിയില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. പുലിക്കളി സംഘങ്ങൾക്ക് ധനസഹായം ലഭിക്കാത്തത് ഏറെ ചർച്ചയായ വിഷയമായിരുന്നു. ഓരോ പുലിക്കളി സംഘത്തിനും മൂന്ന് ലക്ഷം വീതമായിരുന്നു കേന്ദ്രസർക്കാർ ധനസഹായം നൽകിയത്. താൻ സ്വന്തമായി ഇടപെട്ടാണ് ഈ തുക കേന്ദ്രത്തിൽ നിന്നും വാങ്ങി നൽകിയതെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത 300 ഓളം സഹകരണ ബാങ്കുകളിൽ അഴിമതികൾ നടക്കുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. കരുവന്നൂർ കൊണ്ട് അവസാനിച്ചു എന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കലുങ്ക് സദസ്സിൽ വെച്ച് ചോദ്യം ഉന്നയിച്ച് ആനന്ദവല്ലി ചേച്ചിയോട് മുഖ്യമന്ത്രിയോട് ചോദിക്കാൻ തന്നെയാണ് പറഞ്ഞത്. ജനങ്ങൾ ചർച്ച ചെയ്യേണ്ട വിഷയം ഇതൊക്കെയാണ് എന്നും സുരേഷ് ഗോപി പറഞ്ഞു. സംസ്ഥാനത്തെ എത്ര സ്കൂളുകൾ തകർന്ന് വീണു. കുട്ടികൾ അറിയേണ്ട ചരിത്രമാണ് പി.എം.ശ്രീയിൽ ഉൾപ്പെടുത്തുന്നത്. അത് പഠിപ്പിക്കുന്നത് കൊണ്ട് ആർക്കാണ് ഭയമെന്നും സുരേഷ്‌ഗോപി ചോദിച്ചു.

