അബുദാബി: അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ച നടപടിയെ പ്രശംസിച്ച് യു.എ.ഇ മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാരക്. ദാരിദ്ര്യ നിർമാർജ്ജന രംഗത്ത് കേരളം കൈവരിച്ചത് വലിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ളവർക്കും കേരളത്തിന്റെ മാതൃക പിന്തുടരാവുന്നതാണെന്നും ഷെയ്ഖ് നഹ്യാൻ മുബാരക് കൂട്ടിച്ചേർത്തു. ഇന്ത്യയുടെ നേട്ടങ്ങളുടെ തിളങ്ങുന്ന ഉദാഹരണമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിലായിരുന്നു യുഎഇ മന്ത്രി കേരളത്തെ പുകഴ്ത്തിയത്. സഹിഷ്ണുതകൊണ്ടും മൂല്യബോധംകൊണ്ടും ആഗോള ശ്രദ്ധനേടിയവരാണ് മലയാളികളെന്നും മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാരക് പറഞ്ഞു. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്ന ഉദ്ദ്യമങ്ങളുമായി കേരളം മുന്നോട്ടുപോവുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയും വേദിയിലും സദസിലുമുണ്ടായിരുന്നവരും കൈയടിയോടെയാണ് ഇത് സ്വീകരിച്ചത്.
കേരളത്തിൽ നിന്നുള്ള പ്രവാസികളെയും മന്ത്രി അഭിനന്ദിച്ചു. കേരളം ഇന്ത്യയിലെ ഏറ്റവും വിദ്യാഭ്യാസമുള്ള സംസ്ഥാനമാണ്, ഇന്ത്യയുടെ നേട്ടങ്ങളുടെ തിളങ്ങുന്ന ഉദാഹരണമാണ് കേരളമെന്നും സാമൂഹ്യ സൗഹാർദ്ദം, ടെക്നോളജി, വിദ്യാഭ്യാസം എന്നിവയിൽ ബഹുദൂരം മുന്നിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ് മന്ത്രിയുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടിയായി പറഞ്ഞു.

