ചെന്നൈ: തമിഴ് ചിത്രം ‘അദേഴ്‌സി’ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന വാർത്താസമ്മേളനത്തിനിടെ നടി ഗൗരി കിഷനെ ബോഡി ഷെയ്മിങ് ചെയ്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് യൂട്യൂബര്‍ ആർ എസ് കാര്‍ത്തിക്. നടിയെ വേദനിപ്പിക്കാൻ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും. ഗൗരിക്ക് മനോവിഷമം ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും കാര്‍ത്തിക് പ്രതികരിച്ചു. തന്റെ ഭാഗം ന്യായീകരിച്ചുകൊണ്ടായിരുന്നു കാർത്തിക്കിന്റെ ഖേദപ്രകടനം. ബോഡി ഷെയ്മിംഗ് നടത്തിയിട്ടില്ലെന്നും ചോദ്യം തെറ്റിദ്ധരിക്കപ്പെട്ടു എന്നുമാണ് കാർത്തിക്കിന്റെ ന്യായീകരണം. വീഡിയോയിലൂടെയായിരുന്നു കാർത്തിക് പ്രതികരിച്ചത്. നടിക്കെതിരെ അധിക്ഷേപ പരാമർശനം നടത്തിയതിന് പിന്നാലെ വലിയ വിമർശനമാണ് കാർത്തിക്ക് നേരിട്ടത്. ഇതേത്തുടർന്നായിരുന്നു ഇദ്ദേഹത്തിന്റെ ഖേദ പ്രകടനം. ഇന്ന് രാവിലെയും താൻ മാപ്പ് പറയില്ലെന്ന് കാർത്തിക് പറഞ്ഞിരുന്നു.
ഗൗരിയുടെ പ്രതികരണം പിആർ സ്റ്റണ്ടെന്ന് പറഞ്ഞുകൊണ്ട് ആണ് കാർത്തിക് രാവിലെ രംഗത്തെത്തിയിരുന്നത്. താൻ 32 വർഷത്തെ അനുഭവസമ്പത്തുള്ള ‘മുതിർന്ന’ മാധ്യമപ്രവർത്തകനാണെന്നും, ഒന്നും തെറ്റായി ചോദിച്ചിട്ടില്ലെന്നുമാണ് രാവിലെ കാർത്തിക് പ്രതികരിച്ചത്. തമിഴ് മാധ്യമത്തോടായിരുന്നു യൂട്യൂബർ ആർ എസ് കാർത്തികിന്‍റെ പ്രതികരണം. തന്നെ നടി വിഡ്ഢി എന്ന് വിളിച്ചുവെന്നും. നടിയെ നടൻ എടുത്തുയർത്തിയെന്ന് പറഞ്ഞാൽ നാല് പേര് കൂടുതൽ വരും. ‘ജോളി’ ആയിരിക്കാൻ വേണ്ടിയാണ് ആ ചോദ്യം ചോദിച്ചത്. അല്ലാതെ ട്രംപിനെയും മോദിയെയും കുറിച്ച് നടിയോട് ചോദിക്കണോ. അതുകൊണ്ടാണ് അവിടെയുള്ള മറ്റ് മാധ്യമപ്രവർത്തകർ ചിരിച്ചതെന്നും ആണ് യൂട്യൂബർ ആർ എസ് കാർത്തിക് പറഞ്ഞത്.
ഗൗരിയുടെ പുതിയ തമിഴ് ചിത്രം ‘അദേഴ്‌സി’ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന വാർത്താസമ്മേളനത്തിനിടെ യൂട്യൂബർ നടിക്ക് നേരെ ബോഡി ഷെയ്മിങ് പരാമർശം നടത്തിയത്. നേരിട്ട് അധിക്ഷേപത്തിന് നടി അപ്പോൾ തന്നെ ചുട്ടമറുപടിയും നൽകിയിരുന്നു. നടിയുടെ ഭാരം എത്രയെന്നായിരുന്നു യൂട്യൂബര്‍ സിനിമയിലെ നായകനോട് ചോദിച്ചത്. എന്നാൽ ഈ ചോദ്യം ഗൗരിയെ പ്രകോപിതയാക്കി. സിനിമയെക്കുറിച്ച് ചോദിക്കാതെ ഇത്തരം ചോദ്യങ്ങൾ എന്തിനാണ് ചോദിക്കുന്നതെന്ന് ഗൗരി ചോദിച്ചു. ഇതേതുടർന്ന് വാർത്താസമ്മേളനത്തിനെത്തിയ മാധ്യമപ്രവർത്തകർ ഒന്നടങ്കം ഗൗരിക്ക് നേരെ തിരിയുകയായിരുന്നു. നിങ്ങൾ വിഡ്ഡിത്തരമാണ് ചോദിക്കുന്നതെന്ന് നടി പറഞ്ഞപ്പോൾ മാപ്പ് പറയണമെന്ന് പറഞ്ഞ് വ്‌ളോഗർമാർ തട്ടിക്കയറി. ഇതേതുടർന്ന് വാർത്താസമ്മേളനം വലിയ തർക്കത്തിലേക്ക് നീങ്ങി.
പത്ത് മിനിട്ടോളം അധിക്ഷേപം തുടർന്നു. ‘ നിങ്ങളാണോ എന്റെ ഭാരത്തെക്കുറിച്ച് ചോദിച്ചത്. അത് ഒട്ടും ബഹുമാനമില്ലാത്ത ചോദ്യമാണ്. വിഡ്ഡി ചോദ്യം ആണത്. ഹീറോയിനാണെന്ന് കരുതി ഞാൻ സീറോ സൈസിൽ ഇരിക്കണോ. നിങ്ങൾ ബോഡി ഷെയിമിംഗ് ആണ് ചെയ്തത്. അത് തെറ്റാണ്. ഞാൻ മാപ്പൊന്നും പറയില്ല. നിങ്ങളാണ് മാപ്പ് പറയേണ്ടത്. ഒരു ഫീമെയിൽ ക്യാരക്ടറിനെ ഇങ്ങനെ സെക്ഷ്വലൈസ് ചെയ്യണോ.’- എന്നായിരുന്നു ഗൗരി പ്രതികരിച്ചത്. സംഭവം നടക്കുമ്പോൾ ഗൗരിക്കൊപ്പം ഉണ്ടായിരുന്ന ചിത്രത്തിന്റെ സംവിധായകൻ അബിൻ ഹരിഹരനും നായകൻ ആദിത്യ നാരായണനും ഒന്നും പ്രതികരിക്കാതെ വേദിയിൽ ഇരിക്കുകയായിരുന്നു. നടിക്ക് നേരെ എത്രയും പേര് തിരിഞ്ഞപ്പോഴും ഇരുവരും പ്രതികരിക്കാതെ ഏറുന്നതിനെതിരെ സൈബറിടത്ത് വലിയ വിമർശനം ഉയർന്നിരുന്നു.
എന്നാൽ താൻ ചോദിച്ചതിൽ തെറ്റില്ലെന്നും സാധാരണയായി എല്ലാവരും ചോദിക്കുന്നതുപോലെ ചോദിച്ചതെന്നുമാണ് യൂട്യൂബർ കാർത്തിക്ക് വാദിച്ചത്. ചിത്രത്തിലെ ഗാനരംഗത്തിൽ നായകൻ ഗൗരിയെ എടുത്തുയർത്തുന്ന രംഗമുണ്ട്. ഈ സീൻ ചെയ്തപ്പോൾ ഗൗരിക്ക് നല്ല ഭാരമുണ്ടെന്ന് തോന്നിയിരുന്നോ എന്നാണ് യൂട്യൂബർ നായകനോട് ചോദിച്ചത്. ഇത് സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നും ബോഡിഷെയ്മിങ് ചോദ്യമാണെന്നും നടി തിരിച്ച് മറുപടി നൽകി. മാത്രവുമല്ല താങ്കൾ ഇപ്പോൾ ചെയ്യുന്നത് ജേർണലിസമല്ലെന്നും നടി യൂട്യൂബറോട് പറയുന്നുണ്ട്. ആദ്യഘട്ടത്തിൽ പ്രതികരിക്കാൻ സാധിക്കാതിരുന്ന ഗൗരി, പിന്നീട് നടന്ന പ്രീ – റിലീസ് അഭിമുഖത്തിൽ തനിക്ക് ചോദ്യം അസ്വസ്ഥത ഉണ്ടാക്കിയെന്ന് തുറന്നുപറഞ്ഞു.
‘ഒരു മുറി മുഴുവൻ പുരുഷന്മാർ ഇരിക്കുന്നു. അവിടെ എനിക്ക് വേണ്ടി ഞാൻ തന്നെ സംസാരിക്കേണ്ടി വന്നു. ഞാനിത് കേരളത്തിലും ഫെയ്സ് ചെയ്തിട്ടുണ്ട്. സിനിമയിൽ നായകൻ എന്നെ എടുത്തുയർത്തിയ ഒരു സീനുണ്ടായിരുന്നു. ആദ്യത്തെ പ്രസ് മീറ്റിൽ ഇവരെ എടുത്തുയർത്തിയപ്പോൾ എങ്ങനെയുണ്ടായിരുന്നെന്ന് ഹീറോയോട് ചോദിച്ചു. കളിതമാശ പോലെ എനിക്ക് തോന്നിയില്ല. അന്ന് പ്രതികരിച്ചില്ല. ഇങ്ങനെയൊരു ബോഡി ഷെയ്പ്പുള്ള ഹീറോയിനെ എന്തിന് കാസ്റ്റ് ചെയ്തുവെന്ന് സംവിധായകനോടാണ് ചോദിച്ചത്. ആ സമയത്ത് എന്റെ ടീമിലുള്ളവർ പോലും പ്രതികരിച്ചില്ല. നാളെയും വേറൊരു നടിയോട് ഇത് ചോദിക്കും. എന്റെ സിനിമയെപ്പറ്റിയോ കഥാപാത്രത്തെക്കുറിച്ചോ അവർക്കറിയേണ്ട.’- നടി ഒരു ചാനലിനോട് പറഞ്ഞു.
എന്നാൽ ബോഡി ഷെയ്മിങ് ചെയ്ത യൂട്യൂബർക്ക് ചുട്ട മറുപടി നൽകിയ നടിയെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ പ്രേക്ഷകർ. ഇത്തരം ചോദ്യങ്ങൾ ഉയരുമ്പോൾ ശക്തമായി പ്രതികരിക്കണമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ഗൗരിയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പറഞ്ഞത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതിന് പിന്നാലെ ഗൗരിയെ പിന്തുണച്ച് സിനിമാ മേഖലയിൽ കൂടുതൽ പേർ രംഗത്തെത്തി. മാന്യമല്ലാത്ത ചോദ്യങ്ങൾ തമിഴ് സിനിമാലോകം എത്ര പിന്നിലെന്നത്തിന്റെ തെളിവാണ് ഇപ്പോല്‍ പുറത്ത് വന്നതെന്ന് സംവിധായകൻ പാ രഞ്ജിത്ത് പ്രതികരിച്ചു. സമാനമായ ദുരനുഭവം നേരിട്ടപ്പോൾ പകച്ചു പോയെന്നും ഗൗരിയെ കുറിച്ച് അഭിമാനം എന്നും നടി അതുല്യ രവി പറഞ്ഞു. താരത്തിന് പിന്തുണയുമായി നടി ഖുശ്ബു സുന്ദർ, നടന്‍ കവിന്‍, ഗായിക ചിന്മയി ശ്രീപദ തുടങ്ങി നിരവധി പേര്‍ രംഗത്തെത്തി. ശക്തമായി പ്രതികരിച്ചതിൽ അഭിനന്ദനമെന്ന് ഖുശ്ബു എക്സിൽ കുറിച്ചു. മാത്രമല്ല ഒരു കൂട്ടം ആളുകൾ ചേർന്ന് നടിയെ കൂട്ടം ചേർന്ന് ആക്രമിക്കുമ്പോൾ നിശബ്ദരായി എല്ലാം കണ്ടും കെട്ടും ഒന്നും ചെയ്യാതെ ഇരുന്ന ചിത്രത്തിന്റെ സംവിധായകൻ അബിൻ ഹരിഹരനും നായകൻ ആദിത്യ നാരായണനും നേരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്.

