എത്യോപ്യയിൽ വീണ്ടും മാരകമായ മാർബഗ് വൈറസ് റിപ്പോർട്ട് ചെയ്തതോടെ ആശങ്ക ഉയരുന്നു. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ എത്യോപ്യയുടെ ഓമോ മേഖലയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സൗത്ത് സുഡാനുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണിത്. ഇതുവരെ ഒൻപത് പേരിലാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയിരിക്കുന്നത്. മരണനിരക്ക് 88 ശതമാനം വരെ ഉയർന്ന ഈ വൈറസിന് നിലവിൽ പ്രത്യേക ചികിത്സയോ വാക്സിനോ ഇല്ലെന്നതാണ് ഏറ്റവും വലിയ ഭീഷണി.
കടുത്ത പനി, തലവേദന, പേശിവേദന എന്നിവയാണ് മാർബഗ് വൈറസ് ബാധയുടെ പ്രാഥമിക ലക്ഷണങ്ങൾ. രോഗം രൂക്ഷമാകുന്നതിനോടൊപ്പം ശക്തമായ വയറിളക്കം, ഛർദി, രക്തസ്രാവം തുടങ്ങിയ ഗൗരവമായ പ്രശ്നങ്ങളും പ്രത്യക്ഷപ്പെടും. 1967ൽ ജർമനിയിലെ മാർബഗ്, ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിലായിരുന്നു ആദ്യമായി വൈറസ് കണ്ടെത്തിയത്. എബോള പോലെയുള്ള ഈ വൈറസ് ആദ്യം വവ്വാലുകളിൽ നിന്നാണ് മനുഷ്യരിലേയ്ക്ക് പകരുന്നത്; രോഗബാധിതരുമായി അടുത്തിടപഴകൽ, ശരീരദ്രവങ്ങൾ, രോഗാണുക്കളുള്ള പ്രതലങ്ങൾ എന്നിവയിലൂടെ കൂടി വ്യാപനം സാധ്യമാണ്.
കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ മുമ്പും മാർബഗ് വൈറസ് പടർന്നിട്ടുണ്ട്. അന്നത്തെ അതേ വകഭേദമാണ് ഇപ്പോൾ എത്യോപ്യയിൽ കണ്ടെത്തിയതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. വ്യാപനം നിയന്ത്രിക്കുന്നതിനായി പ്രത്യേക വിദഗ്ധ സംഘത്തെ എത്യോപ്യയിലേക്ക് നിയോഗിച്ചിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
കഴിഞ്ഞ വർഷം റുവാണ്ടയിലും മാർബഗ് ബാധ സ്ഥിരീകരിച്ചിരുന്നു. പഴംതീനി വവ്വാലുകൾ താമസിച്ചിരുന്ന ഗുഹയിൽ നടന്ന ഖനന പ്രവർത്തനത്തിന്റെ സമയത്താണ് വൈറസ് മനുഷ്യരിലേക്ക് പടർന്നതെന്ന് അന്ന് കണ്ടെത്തിയിരുന്നു. സമീപകാലത്ത് മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, എത്യോപ്യയിലെ പുതിയ കേസുകൾ വൈറസ് പുനരാവർത്തനത്തിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു.

