ആലപ്പുഴ: ഈ സീസണിൽ ലഭിക്കേണ്ട വലുപ്പമുള്ള ‘നെയ്മത്തി’ അപ്രത്യക്ഷമായത് മത്തിപ്രേമികളെ നിരാശരാക്കുന്നു. പകരം, മെലിഞ്ഞ കുഞ്ഞൻ മത്തിയാണ് കേരള തീരങ്ങളിൽ സുലഭമായി ലഭിക്കുന്നത്. ചെറുമത്തിയുടെ അളവ് കൂടുതലാണെങ്കിലും തൂക്കവും വലുപ്പവും കുറഞ്ഞത് മത്സ്യത്തൊഴിലാളികളെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
സാധാരണയായി ഒരു മത്തിക്ക് 18 സെന്റിമീറ്റർ വരെ വലുപ്പമുണ്ടാകാറുണ്ട്. എന്നാൽ, നിലവിൽ ലഭിക്കുന്നവയ്ക്ക് 10-12 സെന്റിമീറ്റർ മാത്രമേ വലുപ്പമുള്ളൂ. അതുപോലെ, ശരാശരി 60-70 ഗ്രാം തൂക്കം ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 15-20 ഗ്രാം മാത്രമാണ് തൂക്കം. മത്തിയുടെ ഈ ‘മെലിയൽ’ സംബന്ധിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) പഠനം നടത്തിയിരുന്നു.
മൺസൂൺ കാലത്ത് കടലിന്റെ അടിത്തട്ടിലെ പോഷകസമൃദ്ധമായ ജലം മുകളിലേക്ക് വരുന്ന അപ് വെല്ലിങ് പ്രതിഭാസം, മത്തിയുടെ പ്രധാന ഭക്ഷണമായ സൂക്ഷ്മപ്ലവകങ്ങൾ വർദ്ധിപ്പിച്ച് കുഞ്ഞുങ്ങളുടെ ആദ്യ വളർച്ചയെ സഹായിച്ചിരുന്നു. എന്നാൽ, പിന്നീട് ഭക്ഷ്യലഭ്യത കുറഞ്ഞത് മത്തിയുടെ വളർച്ച മുരടിച്ച് തൂക്കം കുറയാൻ കാരണമായെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. കൂടാതെ, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള സമുദ്രതാപനം മത്തിയുടെ വളർച്ചയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും പഠനം പറയുന്നു.
കേരള തീരങ്ങളിൽ പലയിടത്തും ഇപ്പോൾ കുഞ്ഞൻ മത്തി മാത്രമാണ് ലഭിക്കുന്നത്. ഇവ ഒമാൻ, ഗോവ തീരങ്ങളിൽ നിന്നെത്തിയവയാണ്. വല്ലപ്പോഴും ലഭിക്കുന്ന വലിയ മത്തിക്ക് കിലോയ്ക്ക് 300 രൂപ വരെയാണ് വില.
കടലിൽ ഉപേക്ഷിക്കുന്നു, വളമാക്കുന്നു
ചെറുമത്തി ധാരാളം വലയിൽ കുടുങ്ങുന്നുണ്ടെങ്കിലും 10 സെന്റിമീറ്ററിൽ താഴെയുള്ള മത്തി പിടിക്കുന്നത് നിരോധിച്ചതിനാൽ പല തൊഴിലാളികളും ഇവ കടലിൽത്തന്നെ ഉപേക്ഷിക്കുകയാണ്. വലുപ്പമില്ലാത്തതിനാൽ ഡിമാൻഡ് കുറഞ്ഞ ചെറുമത്തി വിൽക്കാനാകാതെ വരുന്നത് മറ്റൊരു പ്രശ്‌നമാണ്. വള്ളങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന കച്ചവടക്കാർ ഇവ തമിഴ്നാട്ടിലെയും മംഗളൂരുവിലെയും വളം നിർമാണ കമ്പനികളിലേക്ക് കൊണ്ടുപോകുന്ന സ്ഥിതിയാണുള്ളത്.

