പാലക്കാട്: പോലീസിന്റെ വാഹനപരിശോധനയ്ക്കിടെ അനധികൃതമായി പണം കടത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിലായി. കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1.31 കോടി രൂപയുമായാണ് ഒരാളെ പോലീസ് പിടികൂടിയത്. ജില്ലാ ലഹരിവിരുദ്ധ സ്കോഡും കൊഴിഞ്ഞാമ്പാറ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച രേഖകളില്ലാത്ത പണം പിടിച്ചെടുത്തത്. ശനിയാഴ്ച രാവിലെ ആറുമണിക്ക് വേലന്താളത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയായിരുന്നു സംഭവം. 1,31,50,000 രൂപയാണ് (ഒരു കോടി മുപ്പത്തൊന്ന് ലക്ഷത്തി അമ്പതിനായിരം രൂപ) പിടിച്ചെടുത്തത്. കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ചിരുന്ന പണമാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. ഇതുമായി ബന്ധപ്പെട്ട വാഹനത്തിലുണ്ടായിരുന്ന മലപ്പുറം പെരിന്തൽമണ്ണ, രാമപുരം, പനങ്ങ നര, പൂളയ്ക്കൽ വീട്ടിൽ എസ് സുഫിയാൻ (47) എന്നയാളെ പോലീസ് പിടികൂടി. ഇയാൾ കൊഴിഞ്ഞാമ്പാറ പോലീസിന്റെ കസ്റ്റഡിയിലാണ്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തും.

